പിൽസ്ബറി ബ്രാൻഡിൻ്റെ 'പിസ്സ പോപ്‌സ്' (Pizza Pops) കഴിച്ചതിലൂടെ കാനഡയിൽ ഇ-കോളി ബാക്ടീരിയ ബാധ പടരുന്നതായി കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി അറിയിച്ചു. നിലവിൽ 20 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരിൽ ഒരു വയസ്സുള്ള കുട്ടി മുതൽ 87 വയസ്സുള്ള വയോധികർ വരെ ഉൾപ്പെടുന്നു.
ബി.സി, ആൽബർട്ട, ഒൻ്റാരിയോ തുടങ്ങിയ പ്രവിശ്യകളിലാണ് പ്രധാനമായും രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് പിൽസ്ബറിയുടെ പ്രത്യേക ബാച്ചിലുള്ള പിസ്സ പോപ്‌സ് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് അടിയന്തിരമായി തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു.
2026 ജൂൺ മാസത്തിൽ കാലാവധി തീരുന്ന പെപ്പറോണി, ബേക്കൺ പിസ്സ സ്നാക്സുകളാണ് തിരിച്ചുവിളിച്ചവയിൽ ഭൂരിഭാഗവും. ഈ ഭക്ഷണപദാർത്ഥങ്ങൾ കണ്ടാലോ, മണം കൊണ്ടോ കേടായതായി തോന്നില്ലെങ്കിലും ഇവയിൽ അപകടകാരിയായ 'ഇ-കോളി O26' ബാക്ടീരിയ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ അവ നശിപ്പിച്ചു കളയണമെന്നോ വാങ്ങിയ കടയിൽ തിരികെ നൽകണമെന്നോ ഏജൻസി നിർദ്ദേശിച്ചു. പിൽസ്ബറിയുടെ മറ്റ് ഉൽപ്പന്നങ്ങളെ തിരിച്ചു വിളിക്കൽ ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു.