കാനഡയിലെ റീജീനയിലുള്ള ഒരു അപ്പാർട്ട്മെൻ്റിലുണ്ടായ കാർബൺ മോണോക്സൈഡ് ചോർച്ചയെത്തുടർന്ന് 11 വയസ്സുകാരൻ മരിച്ചു. ഞായറാഴ്ച രാവിലെ ആയിരുന്നു ഈ സംഭവം. കെട്ടിടത്തിലുള്ളവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അടിയന്തര രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച നിരവധി താമസക്കാരെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ 11 വയസ്സുകാരൻ്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.
കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു. മറ്റ് താമസക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കെട്ടിടത്തിൽ നിന്നും എല്ലാവരെയും ഒഴിപ്പിച്ചു. കാർബൺ മോണോക്സൈഡിന് നിറമോ മണമോ ഇല്ലാത്തതിനാൽ ഇത് തിരിച്ചറിയാൻ പ്രയാസമാണെന്നും അതീവ അപകടകാരിയാണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.വീടുകളിൽ കാർബൺ മോണോക്സൈഡ് ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്നും അവർ ജനങ്ങളെ ഓർമ്മിപ്പിച്ചു. ഗ്യാസ് ചോർച്ചയുടെ യഥാർത്ഥ കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടന്നുവരികയാണ്.