കാനഡയിൽ ഇൻഫ്ലുവൻസ കേസുകൾ അതിവേഗം വർധിക്കുന്നതായി പുതിയ കണക്കുകൾ. ദേശീയതലത്തിൽ നടത്തിയ പരിശോധനകളിൽ 28 ശതമാനത്തോളം പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ട് ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആൽബർട്ട പ്രവിശ്യയിൽ മാത്രം ഡിസംബർ ആദ്യ ആഴ്ച 2,300-ലധികം കേസുകൾ സ്ഥിരീകരിച്ചു. കാൽഗറി, എഡ്മൻ്റൺ തുടങ്ങിയ നഗരങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഒരാഴ്ചയ്ക്കിടെ ഇരട്ടിയായി വർധിച്ചത് ആരോഗ്യമേഖലയെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ട്. നിലവിൽ ഒൻ്റാരിയോയിൽ ആയിരത്തിനടുത്ത് ആളുകൾ പനി ബാധിച്ച് ചികിത്സയിലാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും മോശമായ ഫ്ലൂ സീസണുകളിലൊന്നാണ് ഇതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒട്ടാവയിൽ ഇൻഫ്ലുവൻസ ബാധയെത്തുടർന്ന് മൂന്ന് കുട്ടികൾ മരണപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നു. ടൊറൻ്റോയിലെ സിക് കിഡ്‌സ് (SickKids) ആശുപത്രിയിൽ രോഗികളുടെ എണ്ണത്തിൽ 50 ശതമാനം വർധനവാണ് ഉണ്ടായത്. സാധാരണ വർഷങ്ങളേക്കാൾ നേരത്തെയും തീവ്രമായും രോഗം പടരുന്ന സാഹചര്യത്തിൽ, വാക്സിനേഷൻ എടുക്കാനും മുൻകരുതൽ പാലിക്കാനും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.