ആൽബർട്ടയിലെ ഷെർവുഡ് പാർക്ക് മാളിൽ സാന്താക്ലോസായി വേഷമിട്ട ആളെ ജോലിയിൽ നിന്നും പുറത്താക്കി. തൻ്റെ കൃത്രിമ താടിയിൽ പിടിച്ചു വലിച്ച ഒരു കുട്ടിയുടെ കൈയിൽ ഇയാൾ അടിച്ചതിനെ തുടർന്നാണ് ജോലിയിൽ നിന്ന് നീക്കിയത് . കുട്ടികൾക്ക് ക്രിസ്മസ് കാലത്തെ മാന്ത്രികാനുഭവം പകരേണ്ട വ്യക്തിയിൽ നിന്നും ഉണ്ടായ ഈ പെരുമാറ്റം ഒട്ടും അംഗീകരിക്കാനാവില്ലെന്ന് മാൾ അധികൃതർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിച്ച മാൾ മാനേജ്മെൻ്റ്, ഇനി ഒരിക്കലും ഈ വ്യക്തിയെ തിരിച്ചെടുക്കില്ലെന്നും അറിയിച്ചു.
കാനഡയിലെ വിവിധ ഭാഗങ്ങളിൽ സാന്താക്ലോസുമാരെ പരിശീലിപ്പിക്കുകയും നിയമിക്കുകയും ചെയ്യുന്ന 'ചെറി ഹിൽ പ്രോഗ്രാംസ്' ആണ് ഈ സംഭവത്തിൽ ഇടപെട്ടത്. കുട്ടിക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തെ തുടർന്ന് ഇയാളെ ഉടൻ തന്നെ സ്ഥാനത്തു നിന്ന് മാറ്റി. പകരം പുതിയൊരാളെ നിയമിച്ചതായും ക്രിസ്മസ് സീസണിൻ്റെ ബാക്കിയുള്ള ദിവസങ്ങളിൽ കുട്ടികൾക്ക് സുരക്ഷിതമായും സന്തോഷത്തോടെയും സാന്താക്ലോസിനെ സന്ദർശിക്കാമെന്നും അവർ ഉറപ്പുനൽകി.