പൂർണ്ണമായും വാക്‌സിൻ എടുത്തവർക്ക് കാനഡയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇളവുകൾ സെപ്റ്റംബർ 7 മുതൽ പ്രാബല്യത്തിൽ

By: 600007 On: Sep 3, 2021, 7:46 PM

 

പൂർണ്ണമായി വാക്‌സിൻ എടുത്ത അന്താരാഷ്ട്ര യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ കാനഡയിലേക്ക് 2021 സെപ്റ്റംബർ 7 മുതൽ പ്രവേശിക്കാം. കാനഡയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് അതിർത്തി നടപടികൾ ലഘൂകരിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ, 2021 ഓഗസ്റ്റ് 9 മുതൽ, യു.എസിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്കും പെർമനന്റ് റെസിഡെൻസിനും കാനഡയിൽ നിയന്ത്രണങ്ങളില്ലാതെ പ്രവേശനം നൽകി തുടങ്ങിയിരുന്നു. 

കാനഡയിലെത്തുന്നതിന് 14 ദിവസമെങ്കിലും മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്തവരെ  ആണ്  പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവരായി കാനഡ സർക്കാർ പരിഗണിക്കുന്നത്. കാനഡയിൽ  ഉപയോഗിക്കാൻ അംഗീകാരം ലഭിച്ച കോവിഡ് വാക്‌സിനുകളായ ഫൈസർ-ബയോ‌ടെക്, മോഡേണ, അസ്ട്രാസെനെക്ക/കൊവിഷീൽഡ്‌ അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ തുടങ്ങിയ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് എടുത്ത യാത്രക്കാർക്കാണ് നിയന്ത്രണങ്ങൾ ഇല്ലാതെ കാനഡയിൽ പ്രവേശിക്കുവാൻ സാധിക്കുക. പൂർണ്ണമായും വാക്‌സിൻ എടുത്തവർക്ക് കാനഡയിൽ എത്തിയ ശേഷം ക്വാറന്റൈൻ ചെയ്യേണ്ടതില്ല.    

എല്ലാ യാത്രക്കാർക്കും, കാനഡയിലേക്ക് പ്രവേശിക്കുന്നതിന്,  വാക്സിനേഷൻ നില പരിഗണിക്കാതെ തന്നെ, യാത്രയ്ക്ക് മുൻപ് 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് പ്രീ-എൻ‌ട്രി കോവിഡ് മോളിക്യുലർ ടെസ്റ്റ് റിസൾട്ട് ആവശ്യമാണ്. റാപിഡ് ടെസ്റ്റ് അഥവാ ആന്റിജൻ ടെസ്റ്റുകൾ മോളിക്യുലർ ടെസ്റ്റ് അല്ലാത്തതിനാൽ അവ എയർപോർട്ടിൽ സ്വീകരിക്കുന്നതല്ല. 

എല്ലാ യാത്രക്കാരും കാനഡയിലേക്കുള്ള ഫ്ലൈറ്റ് ബോർഡ് ചെയ്യുന്നതിന് മുൻപ് ArriveCAN (ആപ്പ് അല്ലെങ്കിൽ വെബ് പോർട്ടൽ വഴി) ഏറ്റവും പുതിയ വേർഷൻ ഉപയോഗിച്ച് ഇംഗ്ലീഷിലോ ഫ്രഞ്ചിലോ വാക്സിനേഷന്റെ ഡിജിറ്റൽ തെളിവ് ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങൾ സമർപ്പിക്കണം. മൊബൈലിലോ, ഇമെയിൽ ആയോ അല്ലെങ്കിൽ പ്രിന്റ് ചെയ്തോ Arrive CAN റെസീപ്റ്റ് കാണിക്കാൻ സാധിക്കാത്ത യാത്രക്കാരെ വിമാനത്തിൽ ബോർഡ് ചെയ്യാൻ അനുവദിക്കില്ല എന്ന് കാനഡ ബോർഡർ സർവീസ് ഏജൻസി ന്യൂസ് റിലീസിൽ അറിയിച്ചു. 

യാത്രക്കാർ Arrive CAN റെസീപ്റ്റ് കൂടാതെ, കോവിഡ് പ്രീ-എൻ‌ട്രി കോവിഡ് മോളിക്യുലർ ടെസ്റ്റ് റിസൾട്ടിന്റെ  ഒരു കോപ്പി (പേപ്പർ അല്ലെങ്കിൽ ഇലക്ട്രോണിക്), വാക്‌സിൻ എടുത്തതിന്റെ തെളിവ് ( ട്രാൻസിലേറ്റ് ചെയ്തതതാണെങ്കിൽ അതിന്റെ ഒറിജിനിൽ)  എയർപോർട്ടിൽ വെരിഫിക്കേഷനായും കാനഡയിൽ പ്രവേശിച്ചതിന് ശേഷം 14 ദിവസത്തേക്ക് സൂക്ഷിക്കേണ്ടതാണ്

മുൻപ് കോവിഡ് വന്നു പോയവർ ആണെങ്കിൽ കാനഡയിലേക്ക് പുറപ്പെടുന്നതിന് 14 മുതൽ 180 ദിവസത്തിനകം എടുത്തിട്ടുള്ള  കോവിഡ് പോസിറ്റീവ് ടെസ്റ്റ് റിസൾട്ടും കാണിക്കേണ്ടതാണ്. 

പൂർണ്ണമായും വാക്സിൻ എടുത്തവർക്ക് കാനഡ എയർപോർട്ടിൽ വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യുന്നതും ഒഴിവാക്കിയിട്ടുണ്ടെങ്കിലും റാൻഡം ആയി യാത്രികരെ കോവിഡ് ടെസ്റ്റിന് എയർപോർട്ടിൽ വിധേയമാക്കാം.

12 വയസ്സിന് താഴെയുള്ള വാക്‌സിനേഷൻ എടുക്കാത്ത കുട്ടികൾ പൂർണ്ണമായും വാക്‌സിനേഷൻ സ്വീകരിച്ച രക്ഷകർത്താക്കൾക്കൊപ്പമോ /അല്ലെങ്കിൽ രക്ഷിതാക്കൾക്കൊപ്പമോ (Guardian) കാനഡയിൽ പ്രവേശിക്കുകയാണെങ്കിൽ ക്വാറന്റീനിൽ ചെയ്യേണ്ടതില്ല. എന്നാൽ 14 ദിവസത്തേക്ക് ഡേകെയറിലോ സ്കൂളിലോ  പോകുവാൻ പാടുള്ളതല്ല. 

12 മുതൽ 17 വയസ്സുവരെയുള്ള കുത്തിവയ്പ് എടുക്കാത്ത കുട്ടികളും 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആശ്രിതരായ കുട്ടികളും (മാനസികമോ ശാരീരികമോ ആയ അവസ്ഥ കാരണം) പൂർണ്ണമായും വാക്‌സിനേഷൻ സ്വീകരിച്ച രക്ഷകർത്താക്കൾക്കൊപ്പമോ /അല്ലെങ്കിൽ രക്ഷിതാക്കൾക്കൊപ്പമോ (Guardian)    കാനഡയിൽ പ്രവേശിക്കാൻ അനുവാദമുണ്ട്. അങ്ങനെ ഉള്ളവർ 14 ദിവസത്തെ ക്വാറന്റൈൻ ചെയ്യേണ്ടതാണ്.

 പൂർണ്ണമായും വാക്‌സിൻ സ്വീകരിക്കാത്തവർക്ക് കാനഡയിലേക്ക് പ്രവേശിക്കാമെങ്കിലും 14 ദിവസത്തെ ക്വാറന്റൈൻ, നെഗറ്റീവ് പ്രീ-എൻ‌ട്രി കോവിഡ് മോളിക്യുലർ ടെസ്റ്റ് റിസൾട്ട്, എയർപോർട്ടിൽ കോവിഡ് ടെസ്റ്റ്, എട്ടാം ദിവസം കോവിഡ് ടെസ്റ്റ് , യാത്ര, കോൺടാക്റ്റ്, ക്വാറന്റൈൻ വിവരങ്ങൾ എന്നിവ നിർബന്ധമായും Arrive CAN ആപ്പിൽ  സമർപ്പിക്കുക തുടങ്ങിയ നിയമങ്ങൾ ബാധകമാണ്. 

നിലവിൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് നേരിട്ടുള്ള വാണിജ്യ, സ്വകാര്യ യാത്രാ വിമാനങ്ങൾക്ക്    2021 സെപ്‌റ്റംബർ  21 വരെ പ്രവേശന വിലക്കുണ്ട്. കൂടാതെ, ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് നേരിട്ടല്ലാതെ വേറെ ഒരു രാജ്യം വഴി കണക്ട് ചെയ്തു വരുന്ന യാത്രക്കാർക്ക് ആ രാജ്യത്തു നിന്നും കോവിഡ് പ്രീ-ഡിപ്പാർച്ചർ ടെസ്റ്റ് ചെയ്യേണ്ടതുമുണ്ട്.