ആൽബർട്ടയിലെ പട്ടിണി രൂക്ഷമാകുന്നു: നാലിൽ ഒരാൾ ഭക്ഷ്യപ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

By: 600110 On: Dec 22, 2025, 9:58 AM

കാനഡയിലെ ആൽബർട്ടയിൽ ഏകദേശം നാലിലൊരാൾ വീതം നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്നതായി പുതിയ സർവേ വ്യക്തമാക്കുന്നു. ഭക്ഷണസാധനങ്ങളുടെ വിലവർധനവിനെ തുടർന്ന്  അടിസ്ഥാന ആവശ്യങ്ങൾ  നിറവേറ്റുന്നത് പോലും കുടുംബങ്ങളെ സംബന്ധിച്ച് പ്രയാസകരമായിരിക്കുകയാണ്. 2023-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് ഇപ്പോഴത്തേതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.

ആൽബർട്ടയിലുടനീളമുള്ള ഫുഡ് ബാങ്കുകളിൽ ഈ വർഷം റെക്കോർഡ് തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയംഫുഡ് ബാങ്കുകളിലേക്കുള്ള സംഭാവനകളിൽ വലിയ കുറവും ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ താല്പര്യമുണ്ടെങ്കിലും സാമ്പത്തിക പ്രയാസം കാരണം പഴയതുപോലെ സംഭാവന നൽകാൻ പലർക്കും സാധിക്കുന്നില്ല. കാൽഗറി ഫുഡ് ബാങ്ക് മാത്രം ഭക്ഷണം വാങ്ങുന്നതിനായി പ്രതിവർഷം 10 മില്യൺ ഡോളറോളം ചിലവഴിക്കുന്നുണ്ട്. ജോലി ഉള്ളവർ പോലും പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഇപ്പോഴത്തേത്. വർക്കിംഗ് പുവർ' വിഭാഗമാണ് സഹായത്തിനായി എത്തുന്നവരിൽ ഏറ്റവും വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. വിശപ്പകറ്റുക എന്നത് സന്നദ്ധ സംഘടനകളുടെ മാത്രം ഉത്തരവാദിത്തമായി വിട്ടുനൽകരുത് എന്ന് കമ്മ്യൂണിറ്റി നേതാക്കൾ വാദിക്കുന്നു. ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാകുന്നത് തടയാൻ സർക്കാരുകൾ കൂടുതൽ നടപടികൾ സ്വീകരിക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഗ്യാരൻ്റീഡ് ബേസിക് ഇൻകം നടപ്പിലാക്കണമെന്നും ചിലർ ആവശ്യപ്പെടുന്നു.