വാൻകൂവറിലെ കടകളിൽ വ്യാജ നോട്ടുകളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്നതായി പോലീസ് അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ വ്യാജ കറൻസികൾ ഉപയോഗിക്കുന്നതിൽ വലിയ വർദ്ധനവുണ്ടായതായി വ്യാപാരികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിപണിയിൽ എത്തുന്ന വ്യാജ നോട്ടുകളിൽ ഭൂരിഭാഗവും 20 ഡോളറിൻ്റെയും 50 ഡോളറിൻ്റെയും നോട്ടുകളാണ്.
ഒറ്റനോട്ടത്തിൽ യഥാർത്ഥ നോട്ടുകളെ വെല്ലുന്ന രീതിയിലുള്ളവയാണ് വ്യാജ നോട്ടുകൾ. അതിനാൽ തിരിച്ചറിയുക എളുപ്പമല്ലെന്ന് കടയുടമകൾ പറയുന്നു. പണം സ്വീകരിക്കുന്നതിന് മുൻപ് നോട്ടുകൾ കൃത്യമായി പരിശോധിക്കണമെന്ന് പോലീസ് ബിസിനസ് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. യുവി ലൈറ്റുകളോ പ്രത്യേക പേനകളോ ഉപയോഗിച്ച് നോട്ടുകളുടെ ആധികാരികത പരിശോധിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു. സംശയാസ്പദമായ നോട്ടുകൾ നൽകുന്നവരോട് തിരിച്ചറിയൽ രേഖകൾ ചോദിക്കാനും അനുമതിയുണ്ട്. സംഘടിത കുറ്റവാളി സംഘങ്ങളാണ് ഈ വ്യാജ കറൻസി വിതരണത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. വ്യാജ നോട്ടുകളുടെ വ്യാപനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ്.വ്യാജ നോട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കുക മാത്രമാണ് വ്യാജ കറൻസി തടയാനുള്ള ഏക പോംവഴിയെന്ന് അധികൃതർ വ്യക്തമാക്കി.