കാനഡ ബോർഡർ സർവീസസ് ഏജൻസിയിലെ ജീവനക്കാരുടെ ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ട് പുറത്ത്

By: 600110 On: Dec 22, 2025, 9:50 AM

 

കാനഡ ബോർഡർ സർവീസസ് ഏജൻസിയിലെ ജീവനക്കാരുടെ ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ട് പുറത്ത്. ഏജൻസിയിലെ 259 ജീവനക്കാർ വിവിധ തരത്തിലുള്ള ക്രമക്കേടുകളിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ടിൽ ഉള്ളത്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിലെ അന്വേഷണങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. ലൈംഗികാതിക്രമം, സാമ്പത്തിക തട്ടിപ്പ്, ലഹരിമരുന്ന് കടത്തുകാരുമായുള്ള ബന്ധം തുടങ്ങിയ അതീവ ഗുരുതരമായ വിഷയങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ചില ജീവനക്കാർ മദ്യപിച്ച നിലയിൽ ഏജൻസിയുടെ വാഹനങ്ങൾ ഓടിച്ചതായി കണ്ടെത്തി. ഓഫീസിൻ്റെ ട്രാവൽ ക്രെഡിറ്റ് കാർഡുകൾ ദുരുപയോഗം ചെയ്തതും ജോലിക്ക് വരാതിരിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതും റിപ്പോർട്ടിലുണ്ട്. ജോലിസ്ഥലത്തെ അക്രമങ്ങൾ, വിവേചനം, അനുചിതമായ ലൈംഗിക പെരുമാറ്റം എന്നിവയും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.ആകെയുള്ള 409 അന്വേഷണങ്ങളിൽ 367 എണ്ണം പൂർത്തിയാക്കി. ഇതിൽ 71 ശതമാനം പരാതികളും സത്യമാണെന്ന് തെളിഞ്ഞു. കുറ്റക്കാർക്കെതിരെ സസ്പെൻഷൻ, ജോലിയിൽ നിന്ന് പിരിച്ചുവിടൽ, രാജിവെപ്പിക്കൽ, കൗൺസിലിംഗ് തുടങ്ങിയ ശിക്ഷാ നടപടികൾ സ്വീകരിച്ചു.വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഏജൻസി പൊതുജനവിശ്വാസം നേടിയെടുക്കണമെങ്കിൽ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് CBSA പ്രസിഡൻ്റ് എറിൻ ഒ ഗോർമാൻ പറഞ്ഞു. പീഡനങ്ങളോ ദുർനടപടികളോ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷം ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി. ആകെ 17,000 ജീവനക്കാരാണ് ഏജൻസിയിലുള്ളത്. ഇതിൽ വെറും 1.52 ശതമാനം പേർ മാത്രമാണ് ഇത്തരം കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.