പി പി ചെറിയാന്‍
അരിസോണ: പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ നിക്കി മിനാജ് അരിസോണയില്‍ നടന്ന കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ അപ്രതീക്ഷിതമായി പങ്കെടുത്ത് ഡൊണാള്‍ഡ് ട്രംപിനും ജെ.ഡി വാന്‍സിനും പരസ്യ പിന്തുണ പ്രഖ്യാപിച്ചു. 2025 ഡിസംബര്‍ 21 ഞായറാഴ്ച ഫീനിക്‌സില്‍ ടേണിംഗ് പോയിന്റ് യുഎസ്എയുടെ അമേരിക്കഫെസ്റ്റ് 2025-ല്‍ നിക്കി മിനാജ് സംസാരിക്കുകയായിരുന്നു നിക്കി മിനാജ്.
മുന്‍കാലങ്ങളില്‍ ട്രംപിനെ വിമര്‍ശിച്ചിരുന്ന നിക്കി മിനാജ്, ഇപ്പോള്‍ അദ്ദേഹത്തെയും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെയും യുവാക്കള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തികളാണെന്ന് വിശേഷിപ്പിച്ചു. 'ഈ ഭരണകൂടം ഹൃദയവും ആത്മാവുമുള്ള ആളുകളാല്‍ നിറഞ്ഞതാണ്' എന്ന് അവര്‍ പറഞ്ഞു.
ജെ.ഡി വാന്‍സിനെ പ്രശംസിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ അദ്ദേഹത്തെ 'അസ്സാസിന്‍' എന്ന് വിശേഷിപ്പിച്ചത് സദസ്സില്‍ ചെറിയ അമ്പരപ്പുണ്ടാക്കി. ഉടന്‍ തന്നെ തന്റെ വാക്കിന്റെ പിഴവ് തിരിച്ചറിഞ്ഞ താരം വായ പൊത്തി കുറച്ചുനേരം നിശബ്ദയായി നിന്നു.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിനെ ട്രംപ് വിളിക്കാറുള്ള 'ന്യൂ-സ്‌കം' എന്ന പരിഹാസപ്പേര് നിക്കി
മിനാജും പ്രസംഗത്തില്‍ ഉപയോഗിച്ചു.
വിനോദസഞ്ചാര മേഖലയില്‍ നിന്നും മറ്റും തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും, സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ താന്‍ ഭയപ്പെടുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. 'മനസ്സ് മാറ്റുന്നതില്‍ തെറ്റില്ല' എന്നാണ് തന്റെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചത്.
ട്രംപ് അനുകൂല മൂവ്മെന്റായ 'MAGA' (Make America Great Again) ഗ്രൂപ്പുകള്‍ക്കിടയില്‍ നിക്കി മിനാജിന്റെ ഈ പുതിയ നീക്കം വലിയ ചര്‍ച്ചയായിട്ടുണ്ട്.