പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയകളും ഹോര്‍മോണ്‍ ചികിത്സകളും നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന 'പ്രൊട്ടക്ട് ചില്‍ഡ്രന്‍സ് ഇന്നസെന്‍സ് ആക്ട്' അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. 211-നെതിരെ 216 വോട്ടുകള്‍ക്കാണ് ബില്‍ വിജയിച്ചത്.
ശിക്ഷ: കുട്ടികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടത്തുന്നവര്‍ക്കോ അതിന് പ്രേരിപ്പിക്കുന്നവര്‍ക്കോ 10 വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
ജനനേന്ദ്രിയ ശസ്ത്രക്രിയകള്‍, കെമിക്കല്‍ കാസ്ട്രേഷന്‍ (രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള വന്ധ്യംകരണം) എന്നിവ ഈ നിയമത്തിന് കീഴില്‍ വരും. ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന ശസ്ത്രക്രിയകളെ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
റിപ്പബ്ലിക്കന്‍ പ്രതിനിധി മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ അവതരിപ്പിച്ച ഈ ബില്‍ ഇനി ഉപരിസഭയായ സെനറ്റില്‍ കൂടി പാസാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രസിഡന്റ് ട്രംപിന് നിയമത്തില്‍ ഒപ്പുവെക്കാന്‍ സാധിക്കൂ. എന്നാല്‍ സെനറ്റില്‍ ഇതിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.