കാനഡയുടെ ആകാശത്ത് വർണ്ണവിസ്മയം: അത്ഭുതക്കാഴ്ചയായി നോർത്തേൺ ലൈറ്റ്‌സ്

By: 600110 On: Dec 20, 2025, 1:46 PM

 

കഴിഞ്ഞ ദിവസം രാത്രി കാനഡയുടെ വിവിധ ഭാഗങ്ങളിൽ ആകാശത്ത് അതിമനോഹരമായ നോർത്തേൺ ലൈറ്റ്‌സ് ദൃശ്യമായി. പച്ച, പർപ്പിൾ, ചുവപ്പ് നിറങ്ങൾ ആകാശത്ത് വിരിഞ്ഞത് കാനഡയിലെ പല പ്രവിശ്യകളിലും കാണാമായിരുന്നു. സാധാരണയായി ഇത്തരം കാഴ്ചകൾ അപൂർവ്വമായ വലിയ നഗരങ്ങളിൽ പോലും ഇത്തവണ ഈ പ്രതിഭാസം ദൃശ്യമായത് ശ്രദ്ധേയമായി. ടൊറന്റോ, വാൻകൂവർ തുടങ്ങിയ തെക്കൻ നഗരങ്ങളിലും ഇത്തവണ ആകാശക്കാഴ്ച ദൃശ്യമായി.

സൂര്യനിൽ നിന്നുള്ള അതിസൂക്ഷ്മ കണികകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഇവ ഉണ്ടാകുന്നത്. ഒരു ട്യൂബ് ലൈറ്റിലൂടെ വൈദ്യുതി കടന്നുപോകുമ്പോൾ അത് പ്രകാശിക്കുന്നതുപോലെ, ഈ കണികകൾ ആകാശത്തെ വാതകങ്ങളെ തിളക്കമുള്ളതാക്കി മാറ്റുന്നു.ഇതിന് മുന്നോടിയായി ശക്തമായ Geomagnetic storms-ന് സാധ്യതയുണ്ടെന്ന് 'നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ' മുന്നറിയിപ്പ് നൽകിയിരുന്നു. 

ഈ വർഷത്തെ ഏറ്റവും തിളക്കമേറിയ നോർത്തേൺ ലൈറ്റ്‌സ് ആയിരുന്നു ഇതെന്ന് 'എൻവയോൺമെന്റ് കാനഡ' സ്ഥിരീകരിച്ചു. വരും ദിവസങ്ങളിലും സൂര്യനിലെ പ്രവർത്തനങ്ങൾ ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ സമാനമായ കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കാമെന്നും ഏജൻസി അറിയിച്ചു. പ്രകൃതിയുടെ അത്ഭുതകരമായ ഈ സൗന്ദര്യം കാനഡയിലുടനീളമുള്ള ആയിരക്കണക്കിന് ആളുകൾക്ക് ആവേശം പകർന്നു.

ഇതിനിടെ നോർത്തേൺ ലൈറ്റ്‌സ് എപ്പോൾ ദൃശ്യമാകുമെന്ന് പ്രവചിക്കാനുള്ള സംവിധാനവുമായി എഡ്മണ്ടനിൽ നിന്നുള്ള ജോഷ് ഷങ്കോവ്‌സ്കി എന്ന സംരംഭകൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. ജോഷ്  വികസിപ്പിച്ചെടുത്ത 'അറോറ അഡ്മിൻ' ഇന്ന് 40-ലധികം രാജ്യങ്ങളിൽ ലഭ്യമായ ഒരു ആഗോള സേവനമാണ്. നേരിട്ടുള്ള എസ്.എം.എസ് (SMS) സന്ദേശങ്ങളിലൂടെയാണ് ഈ സേവനം ഉപയോക്താക്കളെ വിവരമറിയിക്കുന്നത്. ഇത് ഇന്റർനെറ്റ് ലഭ്യത കുറവുള്ള ഇടങ്ങളിലും പ്രവർത്തിക്കും.