വാഹനത്തിന് മുകളിൽ കൂറ്റൻ മഞ്ഞുവാളി, ട്രക്ക് ഡ്രൈവർക്കെതിരെ കേസ്

By: 600110 On: Dec 20, 2025, 1:10 PM

 

കാനഡയിലെ ഒൻ്റാരിയോയിൽ ട്രക്കിന് മുകളിൽ കൂറ്റൻ മഞ്ഞുപാളിയുമായി യാത്ര ചെയ്ത ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ബാറിക്ക്  സമീപമുള്ള ഹൈവേയിലൂടെ പോയ മറ്റ് യാത്രക്കാരാണ് അപകടകരമായ രീതിയിലുള്ള ഈ മഞ്ഞുപാളി കണ്ട് പോലീസിൽ വിവരമറിയിച്ചത്.

ഏതു നിമിഷവും താഴെ വീഴാവുന്ന രീതിയിലായിരുന്ന  മഞ്ഞുപാളി റോഡിലെ മറ്റ് വാഹനങ്ങൾക്ക് വലിയ ഭീഷണിയായിരുന്നു. ഇത് വഴുതി വീണിരുന്നെങ്കിൽ വലിയ അപകടത്തിന് കാരണമാകുമായിരുന്നു. ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ട്രക്ക് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ട്രെയിലറിൻ്റെ മുകളിൽ വലിയൊരു ഐസ് കട്ട തന്നെ കണ്ടെത്തി.

യാത്രാ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. വാഹനം നിരത്തിലിറക്കുന്നതിന് മുമ്പ് അതിന് മുകളിലുള്ള മഞ്ഞും ഐസും നീക്കം ചെയ്യേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണെന്ന് പോലീസ് വ്യക്തമാക്കി. തണുപ്പുകാലത്ത് വാഹനങ്ങൾ പരിശോധിക്കണമെന്ന് ട്രക്ക് ഡ്രൈവർമാർക്കും മറ്റ് വാഹന ഉടമകൾക്കും പോലീസ് നിർദ്ദേശം നൽകി. ഈ നിയമം ലംഘിക്കുന്നത് പിഴയ്ക്കും വലിയ അപകടങ്ങൾക്കും കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.