പക്ഷിപ്പനി ഭീഷണി നിലനിൽക്കുമ്പോഴും ക്രിസ്മസ് വിപണിയിൽ ടർക്കി ലഭ്യതയിൽ കുറവുണ്ടാകില്ലെന്ന്  വ്യാപാരികൾ

By: 600110 On: Dec 20, 2025, 10:46 AM

 

ഒൻ്റാരിയോയിൽ പക്ഷിപ്പനി പടരുന്നതിനെത്തുടർന്ന് ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കേണ്ടി വന്നെങ്കിലും, ഈ ക്രിസ്മസ് കാലത്ത് ടർക്കി ഇറച്ചിയുടെ ലഭ്യതയെ ഇത് ബാധിക്കില്ലെന്ന് വ്യാപാരികൾ അറിയിച്ചു. നോർത്ത് പെർത്തിലെയും സ്ട്രാത്ത്‌റോയ്-കാരഡോക്കിലെയും വിവിധ ഫാമുകളിലായി ഏകദേശം ഒന്നരലക്ഷത്തോളം ടർക്കികളെയാണ് രോഗബാധയെത്തുടർന്ന് നശിപ്പിക്കേണ്ടി വന്നത്. കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടെ (CFIA) കണക്കുകൾ പ്രകാരം ആറോളം കേന്ദ്രങ്ങളിൽ പക്ഷിപ്പനി ഇപ്പോഴും സജീവമാണ്. എന്നാൽ നിലവിൽ വിപണിയിലുള്ള ടർക്കികൾ സുരക്ഷിതമാണെന്ന് വിതരണക്കാർ വ്യക്തമാക്കുന്നു.

ഒൻ്റാരിയോയിലെ പ്രധാന ടർക്കി വിതരണക്കാരായ ഹെയ്‌റ്റേഴ്‌സ് ഫാം (Hayter's Farm) തങ്ങളെ ഈ രോഗബാധ നേരിട്ട് ബാധിച്ചിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ സ്ട്രാത്ത്‌റോയിയിലെ ഇവരുടെ ഒരു പ്രജനന കേന്ദ്രത്തെ പക്ഷിപ്പനി ബാധിച്ചിട്ടുണ്ട്. ഇത് നിലവിലെ ക്രിസ്മസ് വിപണിയെ ബാധിക്കില്ലെങ്കിലും, വരും മാസങ്ങളിൽ ടർക്കികളുടെ ഉൽപ്പാദനത്തിൽ കുറവുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഹെയ്‌റ്റേഴ്‌സ് സിഇഒ സീൻ മഗ്വയർ പറഞ്ഞു. മുട്ട ഉൽപ്പാദിപ്പിക്കുന്ന പ്രജനന കേന്ദ്രങ്ങളെ രോഗം ബാധിച്ചത് അടുത്ത വർഷത്തിൻ്റെ തുടക്കത്തിൽ വിപണിയിൽ ചെറിയ തോതിലുള്ള പ്രതിഫലനങ്ങൾ ഉണ്ടാക്കിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു