ടൊറൻ്റോയിലും പരിസരപ്രദേശങ്ങളിലും സ്ത്രീകളെയും ജൂത വംശജരെയും ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾക്കും തട്ടിക്കൊണ്ടുപോകലിനും പദ്ധതിയിട്ട മൂന്ന് യുവാക്കളെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. വലീദ് ഖാൻ (26), ഉസ്മാൻ അസീസോവ് (18), ഫഹദ് സാദത്ത് (19) എന്നിവരാണ് പിടിയിലായത്. ഇതിൽ വലീദ് ഖാന് ആഗോള ഭീകര സംഘടനയായ ഐസിസുമായി (ISIS) നേരിട്ട് ബന്ധമുണ്ടെന്നും ഇയാൾ കാനഡയിൽ മാരകമായ ആക്രമണങ്ങൾ നടത്താൻ ഐസിസ് നിർദ്ദേശപ്രകാരം പ്രവർത്തിച്ചിരുന്നതായും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് വെളിപ്പെടുത്തി.
തട്ടിക്കൊണ്ടുപോകൽ, കൊലപാതകത്തിനുള്ള ഗൂഢാലോചന, ലൈംഗികാതിക്രമം തുടങ്ങി 79 ഓളം കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 'പ്രോജക്ട് നിയാപോളിറ്റൻ' എന്ന പേരിൽ ടൊറൻ്റോ, പീൽ പോലീസ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പദ്ധതികൾ പുറത്തുവന്നത്. 2025 മെയ്, ജൂൺ മാസങ്ങളിലായി ടൊറൻ്റോയിലും മിസിസാഗയിലും തോക്കും മറ്റ് മാരകായുധങ്ങളുമായി സ്ത്രീകളെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിദ്വേഷം മൂലമുള്ള തീവ്രവാദ നിലപാടുകളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെ പ്രേരണയെന്നും, പ്രതികളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.