ആൽബെർട്ടയിൽ റഫറണ്ടം അപേക്ഷാ ഫീസ് 25,000 ഡോളറായി ഉയർത്തി; വ്യാപക പ്രതിഷേധം

By: 600110 On: Dec 19, 2025, 1:58 PM

 

 

ആൽബെർട്ടയിൽ ജനകീയ ഹിതപരിശോധനയ്ക്കും നയപരമായ മാറ്റങ്ങൾക്കുമായി സമർപ്പിക്കുന്ന അപേക്ഷകളുടെ ഫീസ് ഡാനിയേൽ സ്മിത്തിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ കുത്തനെ വർദ്ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 500 ഡോളറിൽ നിന്ന് 25,000 ഡോളറായാണ് ഫീസ് ഉയർത്തിയത്. അപേക്ഷകർ ഗൗരവമുള്ളവരാണെന്ന് ഉറപ്പാക്കാനും അനാവശ്യ അപേക്ഷകൾ ഒഴിവാക്കി നികുതിദായകരുടെ പണം സംരക്ഷിക്കാനുമാണ് ഈ 5,000 ശതമാനം വർദ്ധനവ് വരുത്തിയതെന്ന് നീതിന്യായ മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

 അപേക്ഷകർ ആവശ്യമായ ഒപ്പുകൾ ശേഖരിക്കുകയും റിപ്പോർട്ടിംഗ് പൂർത്തിയാക്കുകയും ചെയ്താൽ ഈ തുക തിരികെ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിൽ നിന്ന് സാധാരണക്കാരെ തടയാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷമായ NDP ആരോപിച്ചു. പ്രശസ്ത കൺട്രി ഗായകൻ കോർബ് ലണ്ട് ഉൾപ്പെടെയുള്ളവർ സർക്കാരിൻ്റെ അടിക്കടിയുള്ള നിയമമാറ്റങ്ങളെ രൂക്ഷമായി വിമർശിച്ചു. റോക്കി പർവതനിരകളിലെ കൽക്കരി ഖനനം തടയുന്നതിനായി അദ്ദേഹം സമർപ്പിച്ച ഹർജി പുതിയ നിയമത്തിൻ്റെ പരിധിയിൽ വരുമെങ്കിലും, ജനുവരി 11-നകം രേഖകൾ സമർപ്പിക്കുകയാണെങ്കിൽ പഴയ ഫീസ് നിരക്ക് തന്നെ അനുവദിക്കുമെന്ന് ഇലക്ഷൻ അൽബെർട്ട അറിയിച്ചു.