ബ്രിട്ടീഷ് കൊളംബിയയിൽ ആഴ്ചകളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമാകുന്നു. ചൊവ്വാഴ്ച വൈകുന്നേരം പല വീടുകളിലും നാലടി ഉയരത്തിൽ വെള്ളം കയറിയത് ജനങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് വലിയ ആശങ്കയും വിഷമവുമാണ് ഉണ്ടാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി തുടരുന്ന മഴയും കാറ്റും പ്രവിശ്യയിലുടനീളം വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഫ്രേസർ വാലിയിൽ പ്രളയം രൂക്ഷമായതിനെത്തുടർന്ന് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ വീശിയടിച്ച ശക്തമായ കാറ്റിൽ സൗത്ത് കോസ്റ്റ് മേഖലയിൽ ഏകദേശം 1,20,000-ത്തോളം പേർക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. മരങ്ങൾ കടപുഴകി വീണതും വെള്ളപ്പൊക്കവും ജന ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. നിരവധി പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. പ്രളയക്കെടുതിയിൽ ഏകദേശം 110 മില്യൺ ഡോളറിൻ്റെ നഷ്ടം കണക്കാക്കപ്പെടുന്നു. നിലവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും, മണ്ണ് ഇപ്പോഴും കുതിർന്നിരിക്കുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലുകൾക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.