'ഇന്ത്യയിലെ ക്രൈസ്തവര്‍: ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ ഡാലസില്‍ സെമിനാര്‍ സംഘടിപ്പിച്ചു

By: 600002 On: Dec 19, 2025, 10:06 AM



 

പി പി ചെറിയാന്‍

ഡാലസ്: ക്രിസ്ത്യന്‍ അപ്പോളജറ്റിക്‌സ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ 'ഇന്ത്യയിലെ ക്രൈസ്തവര്‍: ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡിസംബര്‍ 18 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മ ദേവാലയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍ മുഖ്യ പ്രഭാഷണം നടത്തി. 

ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും വര്‍ത്തമാനകാല വെല്ലുവിളികളും സെമിനാറില്‍ ചര്‍ച്ചയായി. ഒക്ലഹോമയില്‍ നിന്നും എത്തിയ മണിപ്പൂര്‍ സ്വദേശിയും ലവ് മിനിസ്ട്രി പാസ്റ്ററുമായ ഡോ. സായി ടൗത്ഹങ് തന്റെ കുടുംബാംഗങ്ങള്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് വിശദീകരിച്ചത് കേള്‍വിക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു.

പി.പി. ചെറിയാന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ റവ. റെജിന്‍ രാജു അധ്യക്ഷത വഹിച്ചു. ബ്രദര്‍ പ്രശാന്ത് ഡേവിഡ് പ്രഭാഷകനെ പരിചയപ്പെടുത്തി. കെ.സി.ഇ.എഫ് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ വെച്ച് മുഖ്യാതിഥിയായ റവ. ഡോ. ജോണ്‍സണ്‍ തേക്കടയിലിനെ നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന കൗണ്‍സില്‍  അംഗം  ഷാജി രാമപുരം ആദരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ വിശ്വാസികള്‍ പരിപാടിയില്‍ പങ്കെടുത്തു. തോമസ് ജോര്‍ജ് (തമ്പി) നന്ദി രേഖപ്പെടുത്തി. റവ റെജിന്‍ സുകു അച്ചന്റെ പ്രാര്‍ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം സെമിനാര്‍ സമാപിച്ചു.