ബ്രൗണ്‍ യൂണിവേഴ്‌സിറ്റി വെടിവെപ്പ്: പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

By: 600002 On: Dec 19, 2025, 9:53 AM



 

പി പി ചെറിയാന്‍

പ്രൊവിഡന്‍സ് (യു.എസ്.എ): അമേരിക്കയിലെ പ്രശസ്തമായ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വെടിവെപ്പിലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോര്‍ച്ചുഗീസ് പൗരനായ ക്ലോഡിയോ നെവെസ് വാലന്റ് (48) ആണ് മരിച്ചത്. ന്യൂ ഹാംഷെയറിലെ ഒരു സ്റ്റോറേജ് ഫെസിലിറ്റിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് അസീസ് ഉമര്‍സോക്കോവും മറ്റൊരാള്‍ അലബാമ സ്വദേശിയായ എല്ല കുക്കുമാണ്.

എം.ഐ.ടിയിലെ (MIT) പ്രൊഫസര്‍ നൂനോ ലോറെയ്റോയെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയതിന് പിന്നിലും ഇയാള്‍ തന്നെയാണെന്ന് പോലീസ് വിശ്വസിക്കുന്നു.

വാലന്റ് 2000-2001 കാലയളവില്‍ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. വെടിവെപ്പ് നടന്ന കെട്ടിടത്തില്‍ ഇയാള്‍ മുന്‍പ് പഠിച്ചിരുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു.

വാടകയ്ക്ക് എടുത്ത കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. പോലീസ് വളഞ്ഞതോടെ ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതി മരിച്ചതോടെ പൊതുജനങ്ങള്‍ക്കുള്ള ഭീഷണി അവസാനിച്ചതായി പോലീസ് അറിയിച്ചു. എങ്കിലും ഈ ആക്രമണങ്ങളുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.