മരുന്ന് വില കുറയ്ക്കാനൊരുങ്ങി ട്രംപ്; ആശങ്കയിലായി ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍

By: 600002 On: Dec 19, 2025, 9:39 AM



 

 

പി പി ചെറിയാന്‍


വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ മരുന്ന് വില കുത്തനെ കുറയ്ക്കുന്നതിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 'മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍' നയം ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടിയായേക്കും. അമേരിക്കയിലെ മരുന്ന് വില മറ്റ് വികസിത രാജ്യങ്ങളിലെ കുറഞ്ഞ നിരക്കിന് തുല്യമാക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം.

മരുന്ന് കമ്പനികളുമായും വിദേശ രാജ്യങ്ങളുമായും ചര്‍ച്ച നടത്തി മരുന്ന് വിലയില്‍ 400 മുതല്‍ 600 ശതമാനം വരെ കുറവ് വരുത്തുമെന്ന് ട്രംപ് അവകാശപ്പെട്ടു.

മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ നേരിട്ട് വാങ്ങുന്നതിനായി 'TrumpRx.gov' എന്ന വെബ്സൈറ്റ് ജനുവരി മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ഇത് പ്രയോജനപ്പെടും. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ഗുളികകളും ജനറിക് മരുന്നുകളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ നയം മരുന്ന് കമ്പനികളുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചേക്കാം.

മരുന്ന് വില കുറയ്ക്കാന്‍ തയ്യാറാകാത്ത വിദേശ രാജ്യങ്ങള്‍ക്കെതിരെ ഇറക്കുമതി ചുങ്കം (Tariff) വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ വിപണിയെ ഏറെ ആശ്രയിക്കുന്ന സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ക്ക് ട്രംപിന്റെ ഈ നീക്കം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.