അമേരിക്കയിൽ പ്രവർത്തനം തുടരുന്നതിനായി യുഎസ് കമ്പനികളുമായി സംയുക്ത സംരംഭത്തിന് കരാർ ഒപ്പിട്ട് ടിക് ടോക്. ഒറാക്കിൾ, സിൽവർ ലേക്ക് , MGX എന്നീ സ്ഥാപനങ്ങളുമായാണ് കമ്പനി കരാറിൽ ഒപ്പിട്ടത്. ഈ മൂന്ന് നിക്ഷേപകരുമായി ചേർന്ന് അമേരിക്കയിൽ 'ടിക് ടോക്ക് യു.എസ്' എന്ന പേരിൽ ഒരു പുതിയ സംയുക്ത സംരംഭം രൂപീകരിക്കാനാണ് തീരുമാനം. യു.എസ് സർക്കാരിൽ നിന്നുള്ള മാസങ്ങൾ നീണ്ട സമ്മർദ്ദത്തിനൊടുവിലാണ് ഈ നീക്കം. ഡാറ്റാ സുരക്ഷയെക്കുറിച്ചും ടിക്ടോക്കിന് ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചും അമേരിക്കൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അമേരിക്കൻ നിക്ഷേപകർക്ക് ഉടമസ്ഥാവകാശം കൈമാറുന്നതിലൂടെ ഈ ആശങ്കകൾ പരിഹരിക്കാനാകുമെന്ന് ടിക്ടോക്ക് പ്രതീക്ഷിക്കുന്നു. ഇതോടെ ടിക്ടോക്കിൻ്റെ യു.എസ് പ്രവർത്തനങ്ങൾ പൂർണ്ണമായും അമേരിക്ക ആസ്ഥാനമായുള്ള കമ്പനികളുടെ നിയന്ത്രണത്തിലാകും. ഒറാക്കിൾ ആയിരിക്കും ടിക്ടോക്കിൻ്റെ ക്ലൗഡ്, ഡാറ്റാ മാനേജ്‌മെൻ്റ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുക. സിൽവർ ലേക്ക് ഉൾപ്പെടെയുള്ള മറ്റ് നിക്ഷേപകർ സാമ്പത്തിക പിന്തുണ നൽകും. അമേരിക്കൻ ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗമായാണ് ഈ കരാറിനെ കാണുന്നത്.
ഇതുകൂടാതെ, അമേരിക്കയിൽ പ്രവർത്തനം തുടരാൻ ടിക്ടോക്കിനെ ഈ കരാർ സഹായിക്കും. സാങ്കേതികവിദ്യയും ദേശീയ സുരക്ഷയും തമ്മിലുള്ള വലിയ ചർച്ചകളുടെ ഭാഗമാണ് ഈ നീക്കം. വിദേശ സാങ്കേതിക സ്ഥാപനങ്ങൾ എങ്ങനെ അമേരിക്കയിൽ പ്രവർത്തിക്കണം എന്നതിലേക്ക് ഈ കരാർ ഒരു മാതൃകയാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.