കാനഡയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ആഡംബര വാഹനങ്ങൾ നിയമവിരുദ്ധമായി കടത്തുന്ന വൻകിട ക്രിമിനൽ സംഘത്തെ ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) പിടികൂടി. 'പ്രോജക്ട് ചിക്കഡി' എന്ന് പേരിട്ട ഈ ദൗത്യത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ബന്ധമുള്ള സംഘത്തിൽ നിന്ന് 306 വാഹനങ്ങളാണ് പോലീസ് വീണ്ടെടുത്തത്. 2023 ഓഗസ്റ്റിൽ ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ നിന്ന് നാല് വാഹനങ്ങൾ കണ്ടെടുത്തതോടെ ആരംഭിച്ച അന്വേഷണമാണ് വലിയൊരു അന്താരാഷ്ട്ര മോഷണ ശൃംഖലയെ പുറത്തുകൊണ്ടുവരാൻ സഹായിച്ചത്.
മോൺട്രിയൽ, വാൻകൂവർ, ഹാലിഫാക്സ് തുടങ്ങിയ പ്രധാന തുറമുഖങ്ങൾ വഴി ഷിപ്പിംഗ് കണ്ടെയ്നറുകളിൽ ഒളിപ്പിച്ചാണ് ഇവർ വാഹനങ്ങൾ കടത്തിയിരുന്നത്. ഫ്രൈറ്റ് ഫോർവേഡിംഗ് കമ്പനികളെയും ഡ്രൈവർമാരെയും ഇടനിലക്കാരാക്കി, വ്യാജ രേഖകൾ ചമച്ചാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. ഉയർന്ന വിലയുള്ള എസ്‌യുവികൾക്കും ആഡംബര കാറുകൾക്കും വലിയ ഡിമാൻഡുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിറിയ, ഇറാഖ്, തുർക്കി, ഈജിപ്ത്, ലെബനൻ, കൂടാതെ പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഇവർ മോഷ്ടിച്ച വാഹനങ്ങൾ പ്രധാനമായും അയച്ചിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ രജിസ്റ്റർ ചെയ്ത ബിസിനസ് സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഷിപ്പിംഗ് രേഖകൾ ഉണ്ടാക്കുന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. ഈ വൻകിട മോഷണ സംഘത്തിൻ്റെ അറസ്റ്റോടെ അന്താരാഷ്ട്ര വാഹനക്കടത്ത് വലിയ തോതിൽ തടയാനാകുമെന്ന് പോലീസ് അറിയിച്ചു.