കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ ഇടിവ് രേഖപ്പെടുത്തി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. വിദേശ വിദ്യാർത്ഥികൾക്കും താൽക്കാലിക തൊഴിലാളികൾക്കും നൽകുന്ന പെർമിറ്റുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഈ കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷത്തെ മൂന്നാം പാദത്തിൽ രാജ്യത്തെ ജനസംഖ്യയിൽ 76,068 പേരുടെ കുറവുണ്ടായി (0.2 ശതമാനം). 1946-ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ജനസംഖ്യാ ഇടിവാണിത്.
കാനഡയിലെ 'നോൺ-പെർമനൻ്റ് റെസിഡൻ്റ്സ് (NPR) വിഭാഗത്തിൽ 176,479 പേരുടെ കുറവുണ്ടായി. ഇത് ഏകദേശം ആറ് ശതമാനത്തോളം വരും. 1971 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. വിദേശ വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ ഫെഡറൽ ഗവൺമെൻ്റ് പരിധി ഏർപ്പെടുത്തിയതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ഒക്ടോബർ ഒന്നിലെ കണക്കനുസരിച്ച് കാനഡയിലെ ആകെ ജനസംഖ്യ 4,15,75,585 (41.5 മില്യൺ) ആണ്. 1946-ന് ശേഷം , 2020-ൽ കോവിഡിൻ്റെ സമയത്ത് മാത്രമാണ് കാനഡയിൽ ജനസംഖ്യ കുറഞ്ഞത് . എന്നാൽ അതിനുശേഷം 38 മില്യണിൽ നിന്ന് ജനസംഖ്യ അതിവേഗം കുതിച്ചുയരുകയായിരുന്നു. കുടിയേറ്റ നയങ്ങളിൽ കാനഡ വരുത്തിയ കർശന നിയന്ത്രണങ്ങൾ രാജ്യത്തെ ജനസംഖ്യാ വളർച്ചയെ നേരിട്ട് ബാധിച്ചു തുടങ്ങിയെന്നാണ് ഈ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.