റിട്ടയേര്‍ഡ് പ്രൊഫസറെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ 2026 ല്‍

By: 600002 On: Dec 18, 2025, 10:47 AM



 

പി പി ചെറിയാന്‍

ഫോര്‍ട്ട് വര്‍ത്ത് (ടെക്‌സസ്): ടി.സി.യു റിട്ടയേര്‍ഡ് പ്രൊഫസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ എഡ്വേര്‍ഡ് ലീ ബസ്ബി ജൂനിയറിന്റെ (53) വധശിക്ഷാ തീയതി കോടതി നിശ്ചയിച്ചു. 2026 മെയ് 14-നാണ് ശിക്ഷ നടപ്പിലാക്കുക.

2005-ലാണ് ബസ്ബിക്ക് വധശിക്ഷ വിധിച്ചത്. 77 വയസ്സുകാരിയായ ലൗറ ലീ ക്രെയിനെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് പാര്‍ക്കിംഗില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊല്ലപ്പെട്ട പ്രൊഫസറുടെ കാറുമായി ഒക്ലഹോമയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രൊഫസറുടെ മൃതദേഹം പിന്നീട് ടെക്‌സസ് അതിര്‍ത്തിക്ക് സമീപം കണ്ടെത്തി.

തനിക്ക് മാനസിക വൈകല്യമുണ്ടെന്ന വാദവുമായി ബസ്ബി പലതവണ അപ്പീല്‍ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് 2020-ല്‍ വധശിക്ഷ സ്റ്റേ ചെയ്തിരുന്നെങ്കിലും, ഈ വര്‍ഷം കോടതി അപ്പീലുകളെല്ലാം തള്ളിയതോടെയാണ് ശിക്ഷ നടപ്പിലാക്കാന്‍ ഉത്തരവായത്.