ശ്മശാനഭൂമിയുടെ ഓര്‍മ്മപ്പെടുത്തലുകള്‍

By: 600002 On: Dec 18, 2025, 9:47 AM



 

പി പി ചെറിയാന്‍

വിശാലമായ ആ ശ്മശാനത്തിന് എപ്പോഴും ഒരു മരവിച്ച ഗന്ധമാണ്. അവിടെ ചിതറിക്കിടക്കുന്ന വെളുത്ത മാര്‍ബിള്‍ കല്ലറകള്‍ വെറും കല്ലുകളല്ല; അവ ഓരോന്നും ഓരോ മനുഷ്യരുടെ അപൂര്‍ണ്ണമായ കഥകളാണ്. ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ ഹൈവേയ്ക്ക് അരികിലെ ആ ശ്മശാനഭൂമി എനിക്കെപ്പോഴും ഒരു ഓര്‍മ്മപ്പെടുത്തലാണ്. അവിടത്തെ നിശബ്ദതയില്‍ അല്പസമയം ചിലവഴിക്കുന്നത് എന്റെ ജീവിതത്തെ തന്നെ പുനര്‍വിചിന്തനം ചെയ്യാന്‍ സഹായിക്കാറുണ്ട്. 

ഒരു വൈകുന്നേരം അവിടുത്തെ ഇടവഴിയിലൂടെ കാര്‍  ഓടിച്ചുപോകുമ്പോള്‍, എന്റെ കണ്ണുകള്‍ അറിയാതെ ഒരു കല്ലറയില്‍ തറഞ്ഞുനിന്നു.സാവകാശം ആക്‌സിലറേറ്റില്‍ നിന്നും കാല്‍ മാറ്റിയതോടെ കാറിന്റെ മുന്നോട്ടുള്ള നീക്കം നിലച്ചു .കല്ലറയുടെ മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആ ശിലാഫലകത്തിലെ വരികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അതില്‍ ഇങ്ങനെ കൊത്തിവെച്ചിരുന്നു: ''ഇവിടെ ഞാന്‍ സമാധാനത്തില്‍ ഉറങ്ങുന്നു.''

ആ വരികളേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തിയത് അതിലെ തീയതികളാണ്. നാല്‍പ്പത് വയസ്സ് പോലും തികയാത്ത ഒരു മനുഷ്യന്‍. വിവാഹം കഴിഞ്ഞ് കഷ്ടിച്ച് പത്തു വര്‍ഷം മാത്രം ജീവിച്ച ഒരാള്‍. 'സമാധാനം' എന്ന വാക്കില്‍ തൂങ്ങിക്കിടന്ന് ആ കല്ലറ ഒരു രഹസ്യം കാത്തുസൂക്ഷിക്കുന്നത് പോലെ എനിക്ക് തോന്നി.

ആ മനുഷ്യനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. ശവസംസ്‌കാര ചടങ്ങിന് ശേഷം അന്ന് അവിടം വിടുമ്പോള്‍ ആ ശിലാഫലകം അവിടെയുണ്ടായിരുന്നില്ല. അയാളുടെ ഭൂതകാലം ഒരു കരിനിഴല്‍ പോലെയായിരുന്നു. മദ്യത്തിന് അടിമയായി, സ്വന്തം കുടുംബത്തിനും നാട്ടുകാര്‍ക്കും ഒരു ബാധ്യതയായി മാറിയ ഒരാള്‍. സമൂഹം അവനെ വെറുപ്പോടെ 'തിരുത്താന്‍ കഴിയാത്തവന്‍' എന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തി.

എന്നാല്‍ അയാളുടെ ജീവിതത്തിലേക്ക് ഒരു മാറ്റം വന്നത് അയാളുടെ ഭാര്യയിലൂടെയാണ്. ഒരു അനാഥാലയത്തില്‍ വളര്‍ന്നവളാണെങ്കിലും, അവളുടെ മുഖത്ത് ഒരു വല്ലാത്ത ശാന്തതയും സൗമ്യതയും ഉണ്ടായിരുന്നു. വിവാഹത്തിന്റെ ആദ്യരാത്രിയില്‍ തന്നെ ലഹരിയില്‍ ആടിയുലഞ്ഞെത്തിയ ഭര്‍ത്താവിനെ കണ്ടപ്പോള്‍ അവള്‍ പരിഭ്രാന്തിയോ കോപമോ പ്രകടിപ്പിച്ചില്ല. പകരം, അവള്‍ തിരഞ്ഞെടുത്തത് 'മൗനം' എന്ന വലിയ ആയുധമായിരുന്നു.

അവള്‍ അവനോട് കലഹിച്ചില്ല, കുറ്റപ്പെടുത്തിയില്ല. പക്ഷേ, എല്ലാ പുലര്‍ച്ചെയും അടുക്കളയുടെ കോണില്‍ നിന്ന് ഉയര്‍ന്നിരുന്ന അവളുടെ നേര്‍ത്ത പ്രാര്‍ത്ഥനാ സ്വരങ്ങള്‍ അയാളുടെ ഉറക്കമില്ലാത്ത രാത്രികളെ അസ്വസ്ഥമാക്കി. ഒടുവില്‍ ഒരു ദിവസം അയാള്‍ തകര്‍ന്നുപോയി. 'നീ എന്തിനാണ് എന്നെ സ്‌നേഹിക്കുന്നത്? ഞാന്‍ വെറുക്കപ്പെടേണ്ടവനല്ലേ?' എന്ന് അയാള്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് ചോദിച്ചു.

ശാന്തമായ ചിരിയോടെ അവള്‍ പറഞ്ഞു: 'സ്‌നേഹം എന്നാല്‍ ഒരാളെ മാറ്റാന്‍ വേണ്ടി കാത്തിരിക്കുന്ന ഒന്നല്ല; ഒരാള്‍ മാറും വരെ അയാള്‍ക്കൊപ്പം നില്‍ക്കുന്ന പ്രാര്‍ത്ഥനയാണ്.'

ആ വാക്കുകള്‍ അയാളെ അടിമുടി മാറ്റിമറിച്ചു. പിന്നീടുള്ള പത്തുവര്‍ഷങ്ങള്‍ അയാള്‍ മറ്റൊരു മനുഷ്യനായിരുന്നു. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്‍, ദയാലു, ഉത്തരവാദിത്തമുള്ള ഭര്‍ത്താവ്. എന്നാല്‍ വിധിക്ക് മറ്റൊരു പദ്ധതിയുണ്ടായിരുന്നു. ഒരു മഴരാത്രിയില്‍, മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ മരണം അയാളെ കൊണ്ടുപോയി.

മരണവാര്‍ത്തയറിഞ്ഞ് ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ആ സ്ത്രീയുടെ മുഖത്തെ ശാന്തത എന്നെ ഞെട്ടിച്ചു. അവളുടെ കണ്ണുകള്‍ നനഞ്ഞില്ല. വര്‍ഷങ്ങള്‍ നീണ്ട തന്റെ പ്രാര്‍ത്ഥനയും സ്‌നേഹവും സഫലമായതിന്റെ ഒരു ആത്മസംതൃപ്തി അവിടെയുണ്ടായിരുന്നു. താന്‍ വിതച്ച സ്‌നേഹത്തിന്റെ വിത്തുകള്‍ അയാളെ ഒരു നല്ല മനുഷ്യനാക്കി മാറ്റിയെന്നും, ആ സമാധാനത്തിലാണ് അയാള്‍ യാത്രയായതെന്നും അവള്‍ക്കറിയാമായിരുന്നു.

സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു ശ്മശാനത്തില്‍ നിന്നും മടങ്ങുമ്പോള്‍ മണ്‍കൂമ്പാരത്തിനു മുകളില്‍ പൂക്കള്‍ നിരത്തിവച്ചിരുന്നു

ഇന്നും മിക്കവാറും എല്ലാ ഞായറാഴ്ചകളിലും  അവള്‍ ആ കല്ലറയ്ക്കരികില്‍ എത്തുന്നുവെന്നാണ് ഞാന്‍ പിന്നീടറിഞ്ഞത്.ഒരുപിടി വെള്ളപ്പൂക്കള്‍ അവിടെ സമര്‍പ്പിക്കും. ആ ശിലാഫലകത്തിലെ 'സമാധാനം' എന്ന വാക്ക് വായിക്കുമ്പോള്‍ അവളുടെ മുഖത്ത് വിരിയുന്ന ആ നേര്‍ത്ത പുഞ്ചിരിക്ക് ലോകത്തിലെ എല്ലാ വിജയങ്ങളേക്കാളും തിളക്കമുണ്ട്.

കാര്‍ വീണ്ടും ഹൈവേയിലേക്ക് പ്രവേശിക്കുമ്പോള്‍ എന്റെ മനസ്സില്‍ ആ പഴയ പാട്ടുയര്‍ന്നു:

'ഒരിക്കലേവനും മരിക്കും നിശ്ചയം ,ഒരുങ്ങേല്ലാവരും മരിപ്പാന്‍
ധനികന്‍ ,ദരിദ്രന്‍, വയസ്സന്‍.ശിശുവും മരിക്കുന്നില്ല ഈ ലോകേ

ഒന്നും നാമിഹേ കൊണ്ടുവന്നില്ല , ഒന്നുമില്ലാതെ പോകുമേ
സമ്പാദിച്ചതെല്ലാം പിന്‍പില്‍ തള്ളേണം നമ്പിക്കൂടല്ലേ ഈ ലോകം'

സത്യമാണ്, നമ്മള്‍ സമ്പാദിച്ചതൊന്നും കൂടെ വരില്ല. പക്ഷേ, ആ സ്ത്രീ അയാള്‍ക്ക് പകര്‍ന്നു നല്‍കിയ ആ സമാധാനവും സ്‌നേഹവുംഅത് മാത്രം മരണത്തിന്റെ അതിരുകള്‍ കടന്നും അയാളുടെ ആത്മാവിനൊപ്പമുണ്ടാകും. നമ്മുടെ ജീവിതത്തിലും നാം സമ്പാദിക്കേണ്ടത് ഇത്തരം ചില നിമിഷങ്ങളല്ലേ?