കാൽഗറി സിറ്റി ഹാാളിൽ വിദേശ രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുന്നത് നിരോധിക്കാനുള്ള പ്രമേയം സിറ്റി കൗൺസിൽ പാസ്സാക്കി. കൗൺസിലർമാർക്കിടയിൽ നടന്ന വാശിയേറിയ വോട്ടെടുപ്പിൽ ഏഴ് പേർ നിരോധനത്തെ എതിർത്തപ്പോൾ എട്ട് പേർ അനുകൂലിച്ചു.
കൗൺസിലർ ഡാൻ മക്ലീൻ ആണ് ഈ പ്രമേയം അവതരിപ്പിച്ചത്. വിദേശ പതാകകൾ ഉയർത്തുന്നത് സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ കാരണമാകുന്നുവെന്ന് അദ്ദേഹം വാദിച്ചു. സിറ്റി ഹാൾ രാഷ്ട്രീയ തർക്കങ്ങൾക്കുള്ള വേദിയാകരുത് എന്നും അദ്ദേഹം പറഞ്ഞു. ബഹുമാനവും ഐക്യവും പ്രകടിപ്പിക്കാനാണ് ഈ രീതിക്ക് തുടക്കമിട്ടതെങ്കിലും, കാലക്രമേണ പതാക ഉയർത്തൽ ചടങ്ങുകൾ പ്രതിഷേധങ്ങൾക്കും തർക്കങ്ങൾക്കും കാരണമായതായി മക്ലീൻ വിശദീകരിച്ചു.
മറ്റു രാജ്യങ്ങളുടെ ദേശീയ പതാകകൾക്ക് മാത്രമാണ് ഈ നിരോധനം ബാധകമാകുന്നത്. എന്നാൽ പ്രൈഡ് പതാക, മെറ്റിസ് പതാക, മറ്റ് സാംസ്കാരിക പതാകകൾ എന്നിവ ഉയർത്തുന്നതിന് തടസ്സമില്ല.ഈ തീരുമാനം കൗൺസിലിന് പ്രാദേശിക പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്നാണ് നിരോധനത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ പതാകകൾ നിരോധിക്കുന്നത് തന്നെ ഭിന്നതയുണ്ടാക്കുന്ന നടപടിയാണെന്നാണ് എതിർക്കുന്നവരുടെ വാദം. 2026 മുതൽ കാനഡയുടെ പതാകയും അംഗീകൃത സാംസ്കാരിക പതാകകളും മാത്രമേ കാൽഗറി സിറ്റി ഹാാളിൽ ഉയർത്തുകയുള്ളൂ.