കാനഡയിൽ നിന്നും വേർപ്പെട്ട് ആൽബർട്ട സ്വതന്ത്ര രാജ്യമാകണോ എന്ന വിഷയത്തിൽ ഹിതപരിശോധന നടത്തണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ഇത് സംബന്ധിച്ച പുതിയ ഹർജി 'ഇലക്ഷൻസ് ആൽബർട്ട'യ്ക്ക് മുൻപിൽ സമർപ്പിക്കപ്പെട്ടു.
മിച്ച് സിൽവെസ്റ്റർ എന്ന വ്യക്തിയാണ് പുതിയ ഹർജിയുമായി രംഗത്തെത്തിയത്. ആൽബർട്ടയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് എല്ലാവർക്കും ഗുണകരമാകുമെന്നും, കാനഡയുടെ ഭാഗമായി തുടരുന്നത് കൊണ്ട് എന്ത് നേട്ടമാണുള്ളതെന്ന് എതിർക്കുന്നവർ വ്യക്തമാക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
സിൽവെസ്റ്ററുടെ ആദ്യ ഹർജി ഭരണഘടനാ വിരുദ്ധമാണെന്നും, തദ്ദേശീയരുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും കോടതി കണ്ടെത്തിയിരുന്നു. എന്നാൽ പ്രീമിയർ ഡാനിയൽ സ്മിത്തും നീതിന്യായ മന്ത്രി മിക്കി അമേരിയും കൊണ്ടുവന്ന പുതിയ നിയമപരിഷ്കാരങ്ങൾ ഇത്തരം ഹർജികൾ സമർപ്പിക്കുന്നത് എളുപ്പമാക്കി. മുൻപുണ്ടായിരുന്ന നിയമതടസ്സങ്ങൾ മറികടക്കാൻ ഇത് സഹായിച്ചതായി സിൽവെസ്റ്റർ പറഞ്ഞു. എന്നാൽ ആൽബർട്ട കാനഡയുടെ ഭാഗമായി തന്നെ തുടരണമെന്ന് വാദിക്കുന്നവർ 'ഫോറെവർ കനേഡിയൻ' എന്ന പേരിൽ മറുപ്രചാരണവും ആരംഭിച്ചിട്ടുണ്ട്. മുൻ ഡെപ്യൂട്ടി പ്രീമിയർ തോമസ് ലൂക്കാസുക്കിൻ്റെ നേതൃത്വത്തിലുള്ള ഈ ഗ്രൂപ്പ് ഹിതപരിശോധന തടയുന്നതിനായി ഇതിനോടകം നാല് ലക്ഷത്തിലധികം ഒപ്പുകൾ ശേഖരിച്ചു കഴിഞ്ഞു.
വേർപിരിയലിനെക്കുറിച്ചുള്ള ചർച്ചകൾ നിക്ഷേപകരുടെ ആത്മവിശ്വാസം തകർക്കുമെന്നും ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ലൂക്കാസുക് മുന്നറിയിപ്പ് നൽകി. മുൻപ് ക്യൂബെക്കിൽ ഉണ്ടായതിന് സമാനമായ തിരിച്ചടികൾ ആൽബർട്ടയിലും സംഭവിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആൽബർട്ട കാനഡയിൽ തന്നെ തുടരണമെന്നാണ് പ്രീമിയർ ഡാനിയൽ സ്മിത്തിൻ്റെ ഔദ്യോഗിക നിലപാടെങ്കിലും, ഭരണകക്ഷിയിലെ ഒരു വിഭാഗം വേർപിരിയൽ വാദത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ഹിതപരിശോധനയ്ക്കുള്ള സാധ്യതകൾ മുന്നിൽക്കണ്ട് 'ഇലക്ഷൻസ് ആൽബർട്ട'യ്ക്ക് സർക്കാർ 30 ലക്ഷം ഡോളർ അധിക ഫണ്ട് അനുവദിച്ചിട്ടുണ്ട്.