ആൽബർട്ടയിൽ ഡെലിവറി ഏജൻ്റിന് നേരെ തോക്കുചൂണ്ടി ഭീഷണി; ഗൃഹോപകരണങ്ങൾ എത്തിക്കുന്നതിനിടെ സംഘർഷം

By: 600110 On: Dec 17, 2025, 1:36 PM

കാനഡയിലെ സെൻട്രൽ അൽബർട്ടയിൽ ഗൃഹോപകരണങ്ങൾ എത്തിക്കാനെത്തിയ ഡെലിവറി ഏജൻ്റിന് നേരെ ക്രൂരമായ ആക്രമണവും വധഭീഷണിയും ഉണ്ടായതായി പോലീസ്.  ഡിസംബർ നാലിന് Sundre എന്ന സ്ഥലത്തിന് സമീപമാണ് സംഭവം നടന്നത്.

ഫ്രിഡ്ജ്,, വാഷിംഗ് മെഷീൻ, ഡ്രയർ എന്നിവ എത്തിക്കാൻ വന്ന ഡ്രൈവർക്ക് വഴി തെറ്റുകയും തുടർന്ന് അദ്ദേഹം ഉപഭോക്താവിനെ ഫോണിൽ വിളിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ഉപഭോക്താവ് സാധനങ്ങൾ മറ്റൊരു വിലാസത്തിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും, കൃത്യമായ നടപടിക്രമങ്ങളില്ലാതെ വിലാസം മാറ്റാൻ കഴിയില്ലെന്ന് ഡ്രൈവർ അറിയിച്ചതാണ് സംഘർഷത്തിന് കാരണമായത്. തർക്കം രൂക്ഷമായതോടെ ഡ്രൈവറെ ട്രക്കിനുള്ളിൽ വെച്ച് ഉപഭോക്താവ് പലതവണ മർദ്ദിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറഞ്ഞു. തുടർന്ന് തൻ്റെ വാഹനത്തിൽ നിന്നും തോക്കെടുത്ത് തിരിച്ചെത്തിയ ഇയാൾ, പറഞ്ഞ വിലാസത്തിൽ സാധനങ്ങൾ എത്തിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തി. ഉടൻ തന്നെ ട്രക്കുമായി അവിടെനിന്നും രക്ഷപ്പെട്ടതിനാൽ ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെടാൻ സാധിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.