കാനഡയിലെ ആഭ്യന്തര വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ 'ബൈ കനേഡിയൻ നയം പ്രാബല്യത്തിൽ വന്നു. വലിയ ഇൻഫ്രാസ്ട്രക്ചർ, പ്രതിരോധ പദ്ധതികളിൽ കനേഡിയൻ കമ്പനികൾക്കും ആഭ്യന്തര ഉൽപ്പന്നങ്ങൾക്കും മുൻഗണന നൽകുന്നതാണ് ഈ നയം. പ്രാഥമിക ഘട്ടത്തിൽ 25 മില്യൺ ഡോളറോ അതിൽ കൂടുതലോ മൂല്യമുള്ള കരാറുകൾക്കാണ് ഈ നിയമം ബാധകമാവുക. 2026 സ്പ്രിംഗ് സീസണോടെ ഇത് അഞ്ച് മില്യൺ ഡോളർ വരെയുള്ള കരാറുകളിലേക്കും ഇത് വ്യാപിപ്പിക്കും.
അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാനഡയുടെ ഈ സുപ്രധാന നീക്കം . പുതിയ നിയമം അനുസരിച്ച്, പ്രധാന നിർമ്മാണ പദ്ധതികളിൽ കാനഡയിൽ ഉൽപ്പാദിപ്പിച്ച സ്റ്റീൽ, അലുമിനിയം, തടി എന്നിവ നിർബന്ധമായും ഉപയോഗിച്ചിരിക്കണം. കേവലം കനേഡിയൻ വിതരണക്കാർ വഴി വിൽക്കുന്നതിന് പകരം ഉൽപ്പന്നങ്ങൾ രാജ്യത്തിനകത്ത് തന്നെ നിർമ്മിച്ചതോ സംസ്കരിച്ചതോ ആയിരിക്കണമെന്ന് പുതിയ നയം നിഷ്കർഷിക്കുന്നു. കാനഡയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക ഫണ്ടുകളും ഈ പദ്ധതിയുടെ ഭാഗമായി നീക്കിവെച്ചിട്ടുണ്ട്.