ചെറിയ സ്ഥലത്ത് പാർക്ക് ചെയ്യാമെന്നതാണ് സ്മാർട്ട് കാറുകളുടെ പ്രത്യേകത. എന്നാൽ ആ ചെറിയ കാറിനുള്ളിൽ കൂറ്റൻ ഗോവണി കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച ഒരു ഡ്രൈവറുടെ സാഹസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയും ഒപ്പം വിമർശനവും ഉയർത്തുന്നത്.
കാനഡയിലെ ഓട്ടവയ്ക്ക് അടുത്തുള്ള കാൾട്ടൺ പ്ലേസിലാണ് സംഭവം. ഏകദേശം ഒൻപത് അടി മാത്രം നീളമുള്ള ഒരു 'സ്മാർട്ട് ഫോർടു'കാറിനുള്ളിലാണ് 16 അടി നീളമുള്ള അലുമിനിയം ഗോവണി കയറ്റാൻ ഡ്രൈവർ മുതിർന്നത്. കാറിനേക്കാൾ ഏഴ് അടിയോളം അധികം നീളമുണ്ടായിരുന്നു ഈ ഗോവണിക്ക്. ഗോവണിയുടെ ഒരു ഭാഗം കാറിൻ്റെ പിൻഭാഗത്തുകൂടി പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു. ഡ്രൈവർ ഗോവണിയുടെ അറ്റത്ത് ഒരു ചുവന്ന കൊടി കെട്ടിയിരുന്നെങ്കിലും, അത് മതിയായ സുരക്ഷയല്ലെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് വ്യക്തമാക്കി. ഗോവണി കാറിനുള്ളിലെ ഡ്രൈവറുടെ തൊട്ടടുത്തായാണ് വച്ചിരുന്നത്. ഇത് ഡ്രൈവർക്കും റോഡിലെ മറ്റ് വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായിരുന്നു.
ലോഡ് സുരക്ഷിതമല്ലാത്തതിനാലും നിയമങ്ങൾ ലംഘിച്ചതിനാലും പോലീസ് ഡ്രൈവർക്ക് പിഴ ചുമത്തി. പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഇയാൾ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. വാഹനങ്ങളിൽ സാധനങ്ങൾ കയറ്റുമ്പോൾ അവ കൃത്യമായി കെട്ടിവയ്ക്കണമെന്നും പരിധിയിൽ കൂടുതൽ പുറത്തേക്ക് നീണ്ടുനിൽക്കാൻ പാടില്ലെന്നും അധികൃതർ ജനങ്ങളെ ഓർമ്മിപ്പിച്ചു.