പി പി ചെറിയാന്‍
കേറ്റി(ടെക്‌സാസ്): ഹാരിസ് കൗണ്ടിയിലെ കേറ്റിയില്‍ തെരുവുനായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം, നായ്ക്കള്‍ അലഞ്ഞുതിരിയുന്നതും മൃഗങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പൊതുസുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് വീണ്ടും ആശങ്കയുണര്‍ത്തുന്നു.
ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വമാണെന്ന് പോലീസ് പറയുമ്പോഴും, ഹാരിസ് കൗണ്ടി പെറ്റ്‌സിന്റെ കണക്കുകള്‍ ഒരു വലിയ പൊതുസുരക്ഷാ പ്രശ്‌നം നിലനില്‍ക്കുന്നതായി സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൃഗങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് കോളുകളാണ് ലഭിക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം ഏകദേശം 2,000 നായ കടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം മോര്‍ട്ടണ്‍ റാഞ്ച് പ്രദേശത്തെ മേസണ്‍ ക്രീക്ക് ഹൈക്ക് ആന്‍ഡ് ബൈക്ക് ട്രെയിലില്‍ സ്ഥിരമായി നടക്കാനിറങ്ങാറുള്ള അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു വ്യക്തിയെ മൂന്ന് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രഥമശുശ്രൂഷ നല്‍കുന്നതിന് മുന്‍പ് തന്നെ ഇദ്ദേഹം മരണപ്പെട്ടു.
ആദ്യ ആക്രമണത്തിന് ശേഷം ഈ നായ്ക്കള്‍ സമീപത്തെ പാര്‍ക്കിംഗ് ഏരിയയിലേക്ക് കടക്കുകയും, അവിടെ കാറില്‍ കുട്ടികളെ കയറ്റുകയായിരുന്ന ഒരമ്മയെയും അവരുടെ മൂന്ന് വയസ്സുള്ള മകനെയും ആക്രമിക്കുകയും ചെയ്തു. നായ്ക്കള്‍ തന്റെ നേര്‍ക്ക് ചാടിയപ്പോള്‍ മകനെ പിന്നില്‍ ഒളിപ്പിച്ചു എന്നാണ് അമ്മ അധികൃതരോട് പറഞ്ഞത്. അവര്‍ക്കും കുട്ടിക്കും നിരവധി തവണ കടിയേറ്റെങ്കിലും ഇരുവരും സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപകടകരമായ മൃഗങ്ങളെക്കുറിച്ച് ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് ബ്യൂറോ ഓഫ് അനിമല്‍ റെഗുലേഷന്‍ ആന്‍ഡ് കെയര്‍ (BARC) താമസക്കാരോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ, തെരുവുനായ്ക്കളുമായി ഇടപെഴകുന്നത് ഒഴിവാക്കാനും, മാതാപിതാക്കള്‍ കുട്ടികളെ തങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും മൃഗക്ഷേമ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ആക്രമണം നടന്ന പാര്‍ക്ക് ഇന്നും (ചൊവ്വാഴ്ച) അടഞ്ഞു കിടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.