മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കണമോ ?

By: 600002 On: Dec 17, 2025, 9:19 AM



 

 

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് 


മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കണമെന്ന് എന്റെ വല്യപ്പച്ചന്‍ പഠിപ്പിച്ചിരുന്നത് ഞാന്‍ ഇന്നും അനുവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കണമോ എന്നതിന്റെ ക്രിസ്ത്യന്‍ ചിന്താഗതി ഇന്നും നമ്മുടെയിടയില്‍ ചര്‍ച്ചാവിഷയമാകാറുണ്ട്. ക്രിസ്തുമതപ്രകാരം, ഒരു ശവസംസ്‌കാരത്തിന് പോയി വന്ന ശേഷം കുളിക്കേണ്ട ആവശ്യമില്ല, എന്നാണ് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്. അതിനെക്കുറിച്ച് മതപരമായ നിയമമോ നിയന്ത്രണമോ ഇല്ല. മറ്റ് ചില മതങ്ങള്‍ക്ക് ആചാരപരമായ ശുദ്ധീകരണ ആവശ്യകതകള്‍ ഉണ്ടെങ്കിലും, ക്രിസ്തുമതം ആചാരപരമായ ശുദ്ധീകരണത്തേക്കാള്‍ ആത്മീയ വിശുദ്ധിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടിസ്ഥാന ശുചിത്വം ഇപ്പോഴും പ്രധാനമാണ്, ചില ആളുകള്‍ ഒരു ശവസംസ്‌കാരത്തിന് ശേഷം വ്യക്തിപരമായ ആശ്വാസത്തിനായി കുളിക്കാന്‍ തീരുമാനിച്ചേക്കാം.

എന്നാല് മതപരമായി, ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ആചാരപരമായ ശുദ്ധീകരണം ക്രിസ്തുമതം ആവശ്യപ്പെടുന്നില്ല. മൃതദേഹസംസ്‌കരണത്തിനു ശേഷം ആചാരപരമായ ശുദ്ധിയിലല്ല, മറിച്ച് ഹൃദയത്തിനും ജീവിതത്തിനുമാണ് ഊന്നല്‍ നല്‍കുന്നത്.

എന്നാല്‍ മരണവീട്ടില്‍പോയാല്‍, തിരിച്ചു വീടിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് , തത്സമയം ഉപയോഗിച്ച വസ്ത്രമുള്‍പ്പെടെ കഴുകി കുളിക്കണമെന്ന് ഹിന്ദു സമൂഹം പൊതുവെ നിഷ്‌കര്‍ഷിക്കുന്നു.

ഇത് ശവ ശരീരവുമായി മാത്രം ബന്ധപ്പെട്ട ഒരു സംഗതിയല്ല. ഒരുപാട് കാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ട്. പല സംസ്‌കാരങ്ങളിലും ശവ സംസ്‌കാരത്തിന് പങ്കെടുത്ത് തിരികെ വരുമ്പോള്‍ സ്വയം ശുദ്ധിയാവുന്നതിന് ഊന്നല്‍ കൊടുക്കുന്നുണ്ട്. എല്ലാ ശവങ്ങളും രോഗ കാരണങ്ങളോ രോഗാണുക്കളെ വഹിക്കുന്നവയോ അല്ല. ശവം സ്വാഭാവികമായി വിഘടിതമാകാന്‍ ( de composition) കാരണമാകുന്ന സൂക്ഷ്മ ജീവികള്‍ സ്വയം രോഗകാരണങ്ങളല്ല. കാരണം ഈ ജീവികള്‍ ഈ ശവത്തില്‍ മാത്രമല്ല അവിടെ കൂടിയിരിക്കുന്ന എല്ലാ മനുഷ്യരുടെ ശരീരത്തിലും സ്വഭാവികമായി വസിക്കുന്നവയാണ്. അതെ സമയം നാം കാണാന്‍ പോകുന്ന ശവം ഏതെങ്കിലും സാംക്രമിക രോഗം ബാധിച്ചു മരിച്ച വ്യക്തിയുടേത് ആണെങ്കില്‍, ഈ രോഗാണുക്കളുടെ സാന്നിധ്യം ഈ ശരീരത്തില്‍ ഉണ്ടാവും. അവ ശവത്തോട് അടുത്ത് പെരുമാറുന്ന ആളുകളിലേക്കും അവരില്‍ നിന്ന് മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യത കൂടുതലാണ്. പണ്ട് കാലത്ത് കോളറ, പ്ലേഗ് പോലുള്ള രോഗങ്ങള്‍ ബാധിച്ച് മരിക്കുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോലും അന്നത്തെ ആള്‍ക്കാര്‍ക്ക് ഭയമായിരുന്നു.

മറ്റൊന്ന് മരണ വീട്ടില്‍ കൂടുന്ന ആളുകളാണ്. അവരില്‍ പലരും സാംക്രമിക രോഗങ്ങള്‍ വഹിക്കുന്നവരാകാം. ഒരുപാട് മനുഷ്യര്‍ കൂടുന്ന സ്ഥലങ്ങളില്‍ ഇത്തരം സാംക്രമിക രോഗങ്ങളുടെ കൈമാറ്റം കൂടുതല്‍ സാധ്യത ഉള്ളതാണ്. ഇത് മരണ വീട്ടില്‍ മാത്രമല്ല കല്യാണ വീട്ടിലും ഒരുപോലെ ബാധകമാണ്.

മറ്റൊരു കാരണം മരണം എപ്പോഴും ദുഃഖവും വേര്‍പാടും ഒക്കെയായി ബന്ധിതമായ ചിന്തകളെ ഉണര്‍ത്തുന്ന ഒരു പ്രതിഭാസമാണ്. അങ്ങിനെ ഒരു സ്ഥലത്ത് നിന്ന് തിരികെ എത്തിയ ആള്‍ക്ക് അയാളുടെ മനസ്സിനെ ഈ വിചാര ശൃംഖല യില്‍ നിന്ന് മോചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രവൃത്തി കുളിക്കുക, വൃത്തിയാക്കുക എന്നിവയാണ്. ഇതൊക്കെ ചിന്തിക്കുമ്പോള്‍, ഒരു നല്ല കുളി ശാരീരികവും മാനസികവുമായ ഉന്മേഷം പ്രദാനം ചെയ്യും. എല്ലാവര്‍ക്കും ഇതൊക്കെ സൂക്ഷ്മമായി മനസ്സിലാക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് പണ്ടത്തെ മനുഷ്യര്‍, മരിച്ചവരുടെ ആത്മാവ് നമ്മളില്‍ കുടിയേറും എന്ന രീതിയിലുള്ള പേടിപ്പിക്കുന്ന കള്ളക്കഥകള്‍ പ്രചരിപ്പിച്ചു എന്ന് മാത്രം.