കാനഡയിൽ ജൂതവിരുദ്ധ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

By: 600110 On: Dec 16, 2025, 1:22 PM

 

കാനഡയിൽ ജൂതസമൂഹത്തിന് നേരെ  ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന്  സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം രാജ്യാന്തര തലത്തിലും കാനഡയ്ക്കുള്ളിലും ജൂതവിരുദ്ധ വികാരം വർധിച്ചുവരികയാണ്. ഇത്തരം സാഹചര്യങ്ങളിൽ തീവ്രവാദ ഗ്രൂപ്പുകൾ കാനഡയിലെ ജൂത ആരാധനാലയങ്ങൾ, സ്കൂളുകൾ, അല്ലെങ്കിൽ കമ്മ്യൂണിറ്റി സെൻ്ററുകൾ എന്നിവ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്തെ ക്രമസമാധാന നിലയെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചും വലിയ ആശങ്കയാണ് ഈ റിപ്പോർട്ട് ഉയർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ കാനഡയിലെ ജൂതസമൂഹം വലിയ ഭയത്തിലാണ് കഴിയുന്നതെന്നും, ഭീഷണികൾ നേരിടാൻ സർക്കാർ കൂടുതൽ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. മുൻപും സമാനമായ ഭീഷണികൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യം കൂടുതൽ ഗൗരവകരമാണെന്നും ഏതു നിമിഷവും അക്രമസംഭവങ്ങൾ ഉണ്ടായേക്കാമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.   തീവ്രവാദ ഗ്രൂപ്പുകൾ ഓൺലൈനിൽ അപകടകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണെന്നും വിദഗ്ദ്ധർ പറയുന്നു. ഇതേ തുടർന്ന്  സുരക്ഷാ നടപടിക്രമങ്ങൾ വർദ്ധിപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അക്രമം തടയാൻ സമുദായ നേതാക്കളുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.