ടൊറൻ്റോയിലെ ഹംബർ റിവർ ഹോസ്പിറ്റലിൻ്റെ (Humber River Hospital) എമർജൻസി വിഭാഗത്തിന് തൊട്ടുമുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ 41-കാരനായ തോമസ് ചോയിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും, ഞായറാഴ്ച മുതൽ കാർ അവിടെയുണ്ടായിരുന്നുവെന്ന് സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തിരക്കേറിയ ആശുപത്രി പരിസരത്ത് മൂന്ന് ദിവസത്തോളം ഈ വാഹനം കിടന്നിട്ടും സുരക്ഷാ ജീവനക്കാരോ ആശുപത്രി അധികൃതരോ ഇത് ശ്രദ്ധിക്കാത്തതിൽ വലിയ പ്രതിഷേധവും ദുരൂഹതയും നിലനിൽക്കുന്നുണ്ട്.
ഡിസംബർ ഏഴിന് ഒരാൾ കാർ ഓടിച്ച് ആശുപത്രിക്ക് മുന്നിലെത്തി അകത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ ഉണ്ടെങ്കിലും, കാറിലുണ്ടായിരുന്ന തോമസ് ചോയ് പുറത്തിറങ്ങിയിരുന്നില്ല. തൻ്റെ സഹോദരൻ അവിടെ എത്തിയ സമയത്ത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നും സഹോദരിയായ ലാങ് ചോയ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് കുടുംബം.