എഡ്മൻ്റൺ ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഡിസംബർ 12-ന് വെള്ളിയാഴ്ച സിൽവർബെറി പ്രദേശത്താണ് സംഭവം നടന്നത്. പുലർച്ചെ ഏകദേശം 1:45-ഓടെ, 32 സ്ട്രീറ്റിനും 26 അവന്യൂവിനും സമീപം വെടിയൊച്ച കേട്ടതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പോലീസ് എത്തിയപ്പോൾ വെടിയേറ്റ നിലയിൽ രണ്ട് യുവാക്കളെ കണ്ടെത്തുകയായിരുന്നു. പ്രഥമശുശ്രൂഷ നൽകിയെങ്കിലും, ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
18-കാരനായ രൺവീർ സിംഗ്, 27-കാരനായ ഗുർദീപ് സിംഗ് എന്നിവരാണ് മരിച്ചതെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെപ്പ് നടക്കുമ്പോൾ 12 പേരോളം സമീപത്തെ ഒരു വീട്ടിൽ നടന്ന പാർട്ടിക്കായി ഒത്തുകൂടിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊലപാതകത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. പ്രദേശത്ത് കണ്ട കറുപ്പ് നിറത്തിലുള്ള എസ്‌യുവിക്കായി ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ട്. സിൽവർബെറി റോഡ്, 23 അവന്യൂ, 34 സ്ട്രീറ്റ്, 29 സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഡാഷ്‌കാം അല്ലെങ്കിൽ സുരക്ഷാ ദൃശ്യങ്ങൾ ലഭിച്ച ആരെങ്കിലും ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. എഡ്മൻ്റണിൽ ഇരട്ടക്കൊലപാതകങ്ങൾ അപൂർവമാണ്. രണ്ട് വർഷം മുമ്പ് ഒരു ഗ്യാസ് സ്റ്റേഷന് സമീപം ഹർപ്രീത് സിംഗ് ഉപ്പലിനെയും അദ്ദേഹത്തിൻ്റെ കൊച്ചുമകനെയും കൊലപ്പെടുത്തിയ സംഭവമായിരുന്നു അവസാനത്തെ ഇരട്ടക്കൊലപാതകം.