നായയുടെ ആക്രമണം: പ്രഭാതസവാരിക്ക് ഇറങ്ങിയയാള്‍ മരിച്ചു; സ്ത്രീക്കും കുട്ടിക്കും പരിക്ക്

By: 600002 On: Dec 16, 2025, 9:43 AM


 

 

പി പി ചെറിയാന്‍

ഹാരിസ് കൗണ്ടി, ടെക്‌സസ്: കാറ്റിയിലെ മേസണ്‍ ക്രീക്ക് ഹൈക്ക് ആന്‍ഡ് ബൈക്ക് ട്രയലില്‍ വെച്ച് മൂന്ന് നായകളുടെ ആക്രമണത്തില്‍ 60 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സ്ത്രീക്കും ചെറിയ കുഞ്ഞിനും പരിക്കേല്‍ക്കുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പതിവായി ഈ വഴിയിലൂടെ പ്രഭാതസവാരിക്ക് പോകുന്നയാളാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം തിരികെ വരാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അന്വേഷിച്ചെത്തുകയായിരുന്നു.

നായകള്‍ വളരെ അക്രമാസക്തരായിരുന്നെന്നും ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുകള്‍ ഏറ്റിരുന്നുവെന്നും ഹാരിസ് കൗണ്ടി ഷെരീഫ്‌സ് ഓഫീസിലെ സെര്‍ജന്റ് ജേസണ്‍ ബ്രൗണ്‍ അറിയിച്ചു. ആക്രമണം കണ്ട നാട്ടുകാര്‍ ഓടിച്ചതിനെ തുടര്‍ന്നാണ് നായകള്‍ പിന്മാറിയത്.

ആക്രമണത്തിന് ശേഷം നായകള്‍ സമീപത്തെ തെരുവിലെത്തി 20-നും 30-നും ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീയെയും അവരുടെ 3 വയസ്സുള്ള മകളെയും ആക്രമിച്ചു. സ്ത്രീക്ക് കടിയേറ്റെങ്കിലും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റില്ല. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമകാരികളായ മൂന്ന് നായകളെയും സമീപ പ്രദേശങ്ങളില്‍ നിന്ന് അധികൃതര്‍ കണ്ടെത്തി. ഒരാളെ മയക്കുവെടി വെച്ചാണ് പിടികൂടിയത്.

നായകള്‍ എങ്ങനെ പുറത്തെത്തി എന്നതിനെക്കുറിച്ച് ഉടമകളെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു. നായകളുടെ പൂര്‍വ്വ ചരിത്രം പരിശോധിച്ചുവരികയാണ്. ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നായകളെ 10 ദിവസത്തേക്ക് നിരീക്ഷണത്തില്‍ വെച്ച ശേഷം കോടതിയുടെ തീരുമാനപ്രകാരം തുടര്‍നടപടി സ്വീകരിക്കും.