റോക്ക് വാളില്‍ 3 വയസ്സുകാരന് പരിക്കേറ്റ സംഭവം: സ്‌കൂളിനെതിരെ മാതാപിതാക്കള്‍ കേസ് ഫയല്‍ ചെയ്തു

By: 600002 On: Dec 16, 2025, 9:30 AM



 

പി പി ചെറിയാന്‍

ഡാളസ് കൗണ്ടി: റോക്ക് വാളിലെ ഗാലക്സി റാഞ്ച് പ്രൈവറ്റ് സ്‌കൂളില്‍ വെച്ച് 3 വയസ്സുള്ള മകന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മാതാപിതാക്കള്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. അലക്ഷ്യമായ ശിക്ഷണ നടപടികളും മതിയായ മേല്‍നോട്ടമില്ലായ്മയുമാണ് തങ്ങളുടെ മകന് ജീവന്‍ തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള തലയ്ക്ക് പരിക്കേല്‍ക്കാന്‍ കാരണമായതെന്ന് ടോണി, കെയ്ഷാ സോണ്ടേഴ്സ് ദമ്പതികള്‍ ഡാളസ് കൗണ്ടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.

2024 മാര്‍ച്ചിലാണ് കുട്ടിക്ക് പരിക്കേറ്റത്. തലയോട്ടിക്ക് പൊട്ടല്‍, തലച്ചോറില്‍ ആന്തരിക രക്തസ്രാവം, ഗുരുതരമായ മസ്തിഷ്‌ക പരിക്ക് എന്നിവയേറ്റ കുട്ടിക്ക് അടിയന്തര ചികിത്സയും ആശുപത്രിവാസവും ആവശ്യമായി വന്നു.

ക്ലാസ് മുറിയില്‍ പാല്‍ മറിഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഭവം തുടങ്ങിയതെന്നും, ഒരു കെയര്‍ ടേക്കര്‍ കുട്ടിയെ പിടിച്ച് മാറ്റിയപ്പോള്‍ തല ബാത്ത്റൂമിന്റെ വാതിലില്‍ ഇടിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

തലയ്ക്ക് പരിക്കേറ്റതിന് ശേഷം ഒരു മണിക്കൂറോളം കഴിഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും, ഈ സമയത്ത് കെയര്‍ ടേക്കര്‍ കുട്ടിയുടെ തലയില്‍ പലതവണ പുതപ്പിടുകയും ഉറങ്ങാന്‍ ശ്രമിക്കുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങള്‍ ഉദ്ധരിച്ച് പരാതിയില്‍ പറയുന്നു. കുട്ടി പ്രതികരിക്കാതെ വന്നപ്പോഴാണ് അടിയന്തര സഹായത്തിനായി വിളിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കെയര്‍ ടേക്കറായ ജെയ്ഡന്‍ ഗ്രേസ് ലെസ്ലിയെ കുട്ടിയെ പരിക്കേല്‍പ്പിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും കുട്ടിക്ക് മെഡിക്കല്‍ പ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ തന്നെ 911-ല്‍ വിളിക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്തെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കൂടാതെ, കുട്ടിക്ക് സ്‌കൂളില്‍ വെച്ചാണ് പരിക്കേറ്റതെന്നതിന് തെളിവില്ലെന്നും, സ്‌കൂളില്‍ എത്തുന്നതിന് മുന്‍പേ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഒരു മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരമാണ് മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.