അതിർത്തി കടക്കുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ ഫോണുകളിൽ നിന്ന് സോഷ്യൽ മീഡിയ ആപ്പുകൾ നീക്കം ചെയ്യരുതെന്ന് യുഎസ് ഇമിഗ്രേഷൻ അറ്റോർണി. രാജ്യത്തേക്ക് പ്രവേശിക്കുന്ന ആളുകളുടെ ഫോണുകളും ഉപകരണങ്ങളും പരിശോധിക്കുന്ന നടപടി യു.എസ്. അതിർത്തി ഉദ്യോഗസ്ഥർ ശക്തമാക്കിയിട്ടുണ്ട്. ആപ്പുകൾ കാണാതാവുന്നത് സംശയം വർദ്ധിപ്പിക്കാനും കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് കാരണമാകാനും സാധ്യതയുണ്ട്. യു.എസ്സിൽ പ്രവേശിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം തയ്യാറെടുപ്പും സുതാര്യതയുമാണ് എന്ന് അറ്റോർണി വ്യക്തമാക്കി.
യാത്രക്കാരുടെ പോസ്റ്റുകൾ, കോൺടാക്റ്റുകൾ തുടങ്ങിയവ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.ആപ്പുകൾ ഡിലീറ്റ് ചെയ്യുന്നത്, വിവരങ്ങൾ ഒളിക്കാൻ ശ്രമിക്കുന്നതായി തോന്നാൻ ഇടയാക്കും. അതിർത്തി ഏജൻ്റുമാർക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കാൻ വിശാലമായ അധികാരങ്ങളുണ്ട് എന്നും അറ്റോർണി വിശദീകരിച്ചു. അവർക്ക് യാത്രക്കാരോട് ഫോണുകൾ അൺലോക്ക് ചെയ്യാനും അക്കൗണ്ടുകൾ കാണിക്കാനും ആവശ്യപ്പെടാം. സഹകരിക്കാൻ വിസമ്മതിക്കുന്നത് യാത്ര വൈകുന്നതിനോ പ്രവേശനം നിഷേധിക്കുന്നതിനോ വരെ കാരണമായേക്കാം. അതുകൊണ്ട്, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് സൂക്ഷിക്കാനും സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് ചോദിച്ചാൽ സത്യസന്ധത പാലിക്കാനും ആണ് യുഎസ് ഇമിഗ്രേഷൻ അറ്റോർണിയുടെ ഉപദേശം.യാത്രയ്ക്ക് മുമ്പ് ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും ശ്രദ്ധാലുവായിരിക്കണം. സംശയാസ്പദമോ വിവാദപരമോ ആയ പോസ്റ്റുകൾ അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.