പ്രശസ്തരായ നിരവധി അമേരിക്കക്കാർക്ക് കനേഡിയൻ പൗരത്വം ലഭിക്കാൻ സാധ്യതയേറുന്നു. ബിൽ C-3 പ്രാബല്യത്തിൽ വരുന്നതോടെ, മുൻപ് 'ഫസ്റ്റ് ജനറേഷൻ ലിമിറ്റ്' പോലുള്ള നിയമങ്ങൾ കാരണം പൗരത്വം നിഷേധിക്കപ്പെട്ടവരും, കാനഡയുമായി രക്തബന്ധമുള്ളവരുമായ വ്യക്തികൾക്ക് പൗരത്വം ലഭിക്കും.
അമേരിക്കൻ പോപ്പ് ഗായിക മഡോണ, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിൻ്റൺ, നടൻ വിഗ്ഗോ മോർട്ടൻസൺ തുടങ്ങിയ പ്രമുഖർ ഈ നിയമത്തിലൂടെ കനേഡിയൻ പൗരന്മാരാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഡോണയുടെ മാതൃബന്ധുക്കൾ 17-ാം നൂറ്റാണ്ടിൽ ക്യൂബെക്കിലേക്ക് കുടിയേറിയവരാണ്. വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ മക്കൾക്ക് പൗരത്വം കൈമാറാൻ പുതിയ നിയമം, അവസരം നൽകുന്നുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പൗരത്വ നിയമത്തിൽ വരുത്തിയ ഏറ്റവും വലിയ പരിഷ്കാരമാണിത്. 'ലോസ്റ്റ് കനേഡിയൻസ്' എന്ന് അറിയപ്പെട്ടിരുന്ന, നിയമപരമായ പ്രശ്നങ്ങൾ കാരണം കാനഡയുമായുള്ള ബന്ധം തെളിയിക്കാൻ സാധിക്കാതെ പോയ പതിനായിരക്കണക്കിന് ആളുകൾക്ക് ഈ നിയമം വഴി പൗരത്വം പുനഃസ്ഥാപിച്ച് കിട്ടും. വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന കനേഡിയൻ കുടുംബങ്ങളെ സഹായിക്കുന്നതിനും, പൗരത്വ നിയമങ്ങളെ കൂടുതൽ നീതിയുക്തവും ആധുനികവുമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം.