അപകടകരമായി വാഹനമോടിക്കുന്നവരെക്കുറിച്ച് ആശങ്കയുള്ള പൗരന്മാർക്ക് അത് റിപ്പോർട്ട് ചെയ്യാൻ ഒരു പുതിയ മാർഗ്ഗം അവതരിപ്പിക്കാൻ പദ്ധതിയിട്ട് കാൽഗറി പോലീസ്. തെരുവുകളിൽ നിന്ന് അപകടകാരികളായ ഡ്രൈവർമാരെ മാറ്റിനിർത്താൻ എല്ലാ വർഷവും ആൽബർട്ടക്കാർ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. മദ്യപിച്ചും ശ്രദ്ധയില്ലാതെയും അമിതവേഗത്തിലും വാഹനമോടിച്ച് മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നവരെ റോഡിൽ നിന്ന് മാറ്റുന്നതിന് പോലീസ് മറ്റ് ഡ്രൈവർമാരെ ആശ്രയിക്കുന്നുണ്ട്.
പ്രതിവർഷം ശരാശരി 5,800-ഓളം കോളുകളാണ് മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെക്കുറിച്ച് കാൽഗറി പോലീസിന് ലഭിക്കുന്നത്. യുകെയിലേതിന് സമാനമായ ഒരു പ്രോഗ്രാമിനെക്കുറിച്ചാണ് പോലീസ് ഇപ്പോൾ പഠിക്കുന്നത്. ഈ പുതിയ സംവിധാനം നിലവിൽ വന്നാൽ, കാറുകളിലെ ഡാഷ് കാമുകളിലോ ഫോണുകളിലോ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പൗരന്മാർക്ക് ഒരു ഓൺലൈൻ പോർട്ടൽ വഴിയോ ഇമെയിൽ വഴിയോ പോലീസിന് അയയ്ക്കാൻ സാധിക്കും. ലഭിക്കുന്ന തെളിവുകൾ ട്രാഫിക് ഉദ്യോഗസ്ഥർ വിലയിരുത്തി നിയമനടപടി എടുക്കാൻ കഴിയുമോ എന്ന് തീരുമാനിക്കും. ഈ ദൃശ്യങ്ങൾ കോടതിയിൽ കേസുകൾക്ക് കൂടുതൽ ശക്തി പകരും. കൂടാതെ, ട്രാഫിക് ഉദ്യോഗസ്ഥർ അവരുടെ ക്യാപ്പുകളിലും ഹെൽമറ്റുകളിലും പോയിൻ്റ് ഓഫ് വ്യൂ ക്യാമറകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്, ഇത് ശ്രദ്ധയില്ലാത്ത ഡ്രൈവർമാർക്ക് ശിക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് പോലീസിൻ്റെ കണക്കുകൂട്ടൽ