കാനഡയിൽ ജൂത സമൂഹത്തിന് സുരക്ഷ വർദ്ധിപ്പിച്ച് മോൺട്രിയൽ പോലീസ്. 

By: 600110 On: Dec 15, 2025, 11:38 AM

 

കാനഡയിൽ ജൂത സമൂഹത്തിന് സുരക്ഷ വർദ്ധിപ്പിച്ച് മോൺട്രിയൽ പോലീസ്. 
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഹനുക്കാ ആഘോഷത്തിനിടെ ജൂതസമൂഹത്തിന് നേരെ നടന്ന വെടിവെപ്പിനെത്തുടർന്നാണ് പോലീസ് സുരക്ഷ കൂട്ടിയത്. ഓസ്‌ട്രേലിയൻ അധികൃതർ ഭീകരാക്രമണമായി പ്രഖ്യാപിച്ച വെടിവെപ്പിൽ 16 പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മോൺട്രിയലിലെ ജൂത നേതാക്കളുമായി തങ്ങൾ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ ആശങ്കകൾ കേൾക്കുന്നുണ്ടെന്നും മോൺട്രിയൽ പോലീസ് (SPVM) അറിയിച്ചു. ഹനുക്കാ ആഘോഷങ്ങൾ അവസാനിക്കുന്നതുവരെ ജൂത കേന്ദ്രീകൃത പ്രദേശങ്ങളിലെ നിരീക്ഷണവും സാന്നിധ്യവും കൂട്ടുമെന്നും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു. മോൺട്രിയൽ മേയർ സോറയ മാർട്ടിനെസ് ഫെറാഡയും ആക്രമണത്തിൽ  ദുഃഖം രേഖപ്പെടുത്തി. ഓസ്‌ട്രേലിയയിലെ ജൂതസമൂഹത്തിന് നേരെയുള്ള ആക്രമണം തൻ്റെ ഹൃദയം തകർത്തു എന്നും, സന്തോഷത്തിൻ്റെ ഒരു ദിവസം അക്രമത്തിൻ്റെയും ജൂതവിരോധത്തിൻ്റെയും പ്രവർത്തിയായി മാറിയെന്നും അവർ എക്‌സിൽ  കുറിച്ചു. മോൺട്രിയലിലെ ജൂത സമൂഹങ്ങൾക്കിടയിലെ ആശങ്ക അകറ്റുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി  പോലീസ് മേധാവിയുമായി സംസാരിച്ചതായും മേയർ പറഞ്ഞു.