പി പി ചെറിയാന്‍
മിനസോട്ട: മിനസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമറിന്റെ മകനെ ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ ശനിയാഴ്ച തടഞ്ഞുനിര്‍ത്തി പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടു.
ഷോപ്പിംഗിന് ശേഷം മടങ്ങും വഴിയാണ് യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാര്‍ മകനെ തടഞ്ഞത്.
മകന്‍ തന്റെ പാസ്പോര്‍ട്ട് ഐഡി കാണിച്ചതിനെ തുടര്‍ന്ന് കഇഋ ഉദ്യോഗസ്ഥര്‍ വിട്ടയച്ചതായി ഒമര്‍ പറഞ്ഞു.
'അവന്‍ എപ്പോഴും പാസ്പോര്‍ട്ട് കൈയില്‍ കരുതുന്നുണ്ട്,' ഒമര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ മിനസോട്ടയിലെ ട്വിന്‍ സിറ്റീസില്‍ രേഖകളില്ലാത്ത സോമാലിയന്‍ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ഫെഡറല്‍ ഏജന്റുമാരുടെ ഇടപെടല്‍ വര്‍ധിച്ചിരുന്നു.
തന്റെ മകനെ തടഞ്ഞത് വംശീയ പ്രൊഫൈലിംഗിന്റെ ഭാഗമാണെന്നും, 'സോമാലിയന്‍ രൂപത്തിലുള്ള, രേഖകളില്ലാത്ത ചെറുപ്പക്കാരെയാണ് അവര്‍ തിരയുന്നത്' എന്നും ഒമര്‍ ആരോപിച്ചു.
സോമാലിയന്‍ ജനതയെക്കുറിച്ച് പ്രസിഡന്റ് ട്രംപ് നടത്തിയ വര്‍ണ്ണവിവേചനപരമായ പരാമര്‍ശങ്ങള്‍ കാരണമാണ് ഈ നടപടികള്‍ വര്‍ദ്ധിച്ചതെന്നും അവര്‍ പറഞ്ഞു.
ഏജന്റുമാര്‍ 'പ്രകടമായ വംശീയ പ്രൊഫൈലിംഗും' 'അനാവശ്യമായ ബലപ്രയോഗവും' നടത്തുന്നുവെന്ന് കാണിച്ച് ഇല്‍ഹാന്‍ ഒമര്‍ വെള്ളിയാഴ്ച യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്ക് കത്തയച്ചിരുന്നു.
യു.എസ്. സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതല്‍ സോമാലിയന്‍ ജനസംഖ്യയുള്ളത് മിനസോട്ടയിലാണ്.