ഒബാമകെയര്‍ സബ്സിഡി കാലഹരണപ്പെടുന്നത് യുഎസ് ആരോഗ്യമേഖലയ്ക്ക് 'മരണച്ചുഴി' ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍

By: 600002 On: Dec 15, 2025, 11:21 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: അഫോര്‍ഡബിള്‍ കെയര്‍ ആക്ട് പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡികള്‍ (ധനസഹായം) അവസാനിക്കുന്നത് യുഎസിലെ ആരോഗ്യമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ സബ്സിഡികള്‍ നിലനിര്‍ത്താനുള്ള നിയമനിര്‍മ്മാണം സെനറ്റില്‍ പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി. സബ്സിഡി ഇല്ലാതാകുന്നതോടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക ഇരട്ടിയിലധികം വര്‍ധിക്കുമെന്നാണ് കണക്കുകള്‍. KFFന്റെ കണക്കനുസരിച്ച് ശരാശരി വാര്‍ഷിക പ്രീമിയം 888 ഡോളറില്‍ നിന്ന് 1,904 ഡോളറായി ആയി ഉയരും.

ഇതോടെ, ആരോഗ്യവാന്മാരായ നിരവധി പേര്‍ ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുകയോ, ഉയര്‍ന്ന ഡിഡക്റ്റബിളുകളുള്ള പ്ലാനുകളിലേക്ക് മാറുകയോ ചെയ്യും. ഇത് ഇന്‍ഷുറന്‍സ് പൂളില്‍ രോഗികളായ ആളുകള്‍ മാത്രം അവശേഷിക്കുന്ന ഒരു 'ഡെത്ത് സ്‌പൈറല്‍' (Death Spiral) അവസ്ഥയിലേക്ക് നയിക്കുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജെറാര്‍ഡ് ആന്‍ഡേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ എണ്ണം കൂടുന്നത് ഗ്രാമീണ ആശുപത്രികള്‍ക്ക് അടക്കം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുകയും മറ്റ് ഇന്‍ഷുറന്‍സ് എടുത്തവരുടെ ചികിത്സാ ചെലവുകള്‍ വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും.