യുഎസ് പൗരന്മാരുടെ പങ്കാളികള്‍ ഗ്രീന്‍ കാര്‍ഡിനുള്ള അഭിമുഖത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതില്‍ ആശങ്ക

By: 600002 On: Dec 15, 2025, 10:48 AM




പി പി ചെറിയാന്‍

ന്യൂയോര്‍ക് : യുഎസ് പൗരന്മാരുടെ പങ്കാളികളായ ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍  ഗ്രീന്‍ കാര്‍ഡിനുള്ള അഭിമുഖത്തിനു ഹാജരായപ്പോള്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുന്നതില്‍ ആശങ്ക.

കഴിഞ്ഞ ദശകങ്ങളില്‍ യുഎസ് പൗരന്റെ പങ്കാളികള്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ അവഗണിച്ച്, വിസ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ ഡസന്‍ കണക്കിന് ആളുകളെ ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു.

പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഇല്ലായിരുന്നിട്ടും സാന്‍ ഡിയേഗോ, ന്യൂയോര്‍ക്ക്, ക്ലീവ്ലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ അറസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നിയമപരമായി ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയുണ്ടായിരുന്നിട്ടും ഇവരെ തടവിലാക്കുന്നത് അഭൂതപൂര്‍വമായ നടപടിയാണെന്ന് അഭിഭാഷകര്‍ പറയുന്നു.

വിസ കാലാവധി കഴിഞ്ഞവര്‍ നിയമം ലംഘിച്ചതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതില്‍ തെറ്റില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.