കനേഡിയൻ പ്രധാനമന്ത്രിയുടെ ഈജിപ്തിലേക്കുള്ള യാത്രയ്ക്ക് സ്വകാര്യ ജെറ്റിനായി ചെലവഴിച്ചത് ലക്ഷക്കണക്കിന് ഡോളറെന്ന് റിപ്പോർട്ട്. ഇത് വിവാദങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. സ്വകാര്യ ജെറ്റ് വിമാനത്തിന് വാടകയിനത്തിൽ ചെലവഴിക്കേണ്ടി വന്നത് 736,466 ഡോളറിലധികമാണ്. ഇതാണ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
ഒക്ടോബറിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസാന നിമിഷമായിരുന്നു തീരുമാനമെടുത്തത്. ഇതാണ് ഉയർന്ന ചെലവിന് കാരണമായത്. പ്രധാനമന്ത്രിക്ക് ഉപയോഗിക്കേണ്ടിയിരുന്ന റോയൽ കനേഡിയൻ എയർഫോഴ്‌സിൻ്റെ (RCAF) വിമാനം അപ്പോൾ ലഭ്യമല്ലാത്തതിനാൽ ഒരു സ്വകാര്യ ബിസിനസ് ജെറ്റ് ചാർട്ടർ ചെയ്യുകയായിരുന്നു. സർക്കാർ വിമാനത്തിലായിരുന്നു യാത്രയെങ്കിൽ ഏകദേശം $198,800 മാത്രമാണ് ചെലവ് വരുമായിരുന്നതെന്നാണ് ദേശീയ പ്രതിരോധ വകുപ്പ് കണക്കാക്കുന്നു.
ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെ ന്യായീകരിച്ചു. ലഭ്യമായ ഓപ്ഷനുകളിൽ ഏറ്റവും കുറഞ്ഞ ചെലവുള്ള വിമാനമാണ് തിരഞ്ഞെടുത്തതെന്നും, യാത്രയുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഇത് പാലിച്ചിരുന്നുവെന്നും പ്രതിരോധ മന്ത്രിയുടെ ഓഫീസ് പറയുന്നു. സമാധാന ഉച്ചകോടിയിൽ കാനഡയുടെ സാന്നിധ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമായിരുന്നതിനാലാണ് അവസാന നിമിഷം സ്വകാര്യ വിമാനം വാടകയ്‌ക്കെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.