ക്വീൻസ്‌ലാൻ്റിലെ ടള്ളി വിമാനത്താവളത്തിന് മുകളിൽ 15,000 അടി ഉയരത്തിൽ വെച്ച് ഒരു സ്കൈഡൈവർ വിമാനത്തിൻ്റെ വാലിൽ പാരാച്യൂട്ട് കുരുങ്ങി തൂങ്ങിക്കിടന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ പുറത്തുവിട്ടു. സെപ്റ്റംബറിൽ നടന്ന സ്‌കൈഡൈവിങ്ങിനിടെയാണ് സംഭവം.
വിമാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ സ്കൈഡൈവറുടെ പാരാച്യൂട്ടിൻ്റെ ഹാൻഡിൽ വിമാനത്തിൻ്റെ ചിറകിൽ തട്ടി ആകസ്മികമായി തുറന്നതാണ് അപകടത്തിന് കാരണമായത്. പാരാച്യൂട്ട് നിമിഷങ്ങൾക്കകം വിമാനത്തിൽ കുരുങ്ങുകയും സ്കൈഡൈവർ കാറ്റിൻ്റെ ശക്തിയിൽ വിമാനത്തിൻ്റെ പുറകിൽ തൂങ്ങിക്കിടക്കുകയും ചെയ്തു. ഈ അപകടത്തിൽ വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും പൈലറ്റ് 'മേഡേ' കോൾ നൽകുകയും ചെയ്തിരുന്നു.
വിമാനത്തിൽ തൂങ്ങിക്കിടന്ന ആഡ്രിയൻ ഫെർഗൂസൺ എന്ന സ്കൈഡൈവർ, കൈവശമുണ്ടായിരുന്ന ഹുക്ക് നൈഫ് ഉപയോഗിച്ച് കുരുങ്ങിയ പാരാച്യൂട്ടിൻ്റെ 11 ലൈനുകൾ മുറിച്ചുമാറ്റിയാണ് രക്ഷപ്പെട്ടത്. ശേഷം, അദ്ദേഹം പ്രധാന പാരാച്യൂട്ട് തുറക്കുകയും സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു. സുരക്ഷിതമായി ലാൻ്റ് ചെയ്യുന്നതിനിടെ കാലിന് ഉണ്ടായ ചെറിയ പരിക്കുകൾ ഒഴിച്ചു നിർത്തിയാൽ സ്കൈഡൈവർക്ക് വലിയ അപകടമൊന്നും ഉണ്ടായില്ല. വിമാനത്തിൻ്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടെങ്കിലും പരിചയസമ്പന്നനായ പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ ഹുക്ക് നൈഫ് പോലുള്ള ഉപകരണങ്ങൾ കൈവശം വെക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന് ATSB അവരുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു