'കാനഡ സ്ട്രോങ്ങ് പാസ്' ഈ ശൈത്യകാലത്ത് വീണ്ടും എത്തുന്നു. 2025 ഡിസംബർ 12 മുതൽ 2026 ജനുവരി 15 വരെയാണ് ഈ പദ്ധതി പ്രാബല്യത്തിലുണ്ടാവുക. ജനങ്ങൾക്ക് ജീവിതം കൂടുതൽ താങ്ങാനാവുന്നതാക്കാനും കുടുംബങ്ങൾക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കാനുമാണ് ഈ പാസ് ലക്ഷ്യമിടുന്നത്. ദേശീയോദ്യാനങ്ങൾ, ചരിത്രപരമായ സ്ഥലങ്ങൾ, മ്യൂസിയങ്ങൾ, ട്രെയിൻ യാത്രകൾ എന്നിവയിലേക്ക് ഈ പാസ് വഴി സൗജന്യമായോ കിഴിവുകളോടുകൂടിയോ പ്രവേശനം ലഭിക്കും.
'പാർക്ക്സ് കാനഡ'യുടെ കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും പ്രവേശനം സൗജന്യമാണ്. ശൈത്യകാല ക്യാമ്പിംഗിനും രാത്രി താമസങ്ങൾക്കും 25% കിഴിവ് ലഭിക്കും. മ്യൂസിയങ്ങളിലും ഗാലറികളിലും 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.18 മുതൽ 24 വയസ്സുവരെയുള്ള യുവജനങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പ്രവേശന ഫീസിൽ 50% കിഴിവ് ലഭിക്കും. മുതിർന്ന ഒരാൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിയാ റെയിൽ (Via Rail) യാത്ര സൗജന്യമാണ്. 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള യുവയാത്രികർക്ക് റെയിൽ യാത്രകളിൽ ഇളവുകളോടു കൂടിയ ടിക്കറ്റുകൾ ലഭിക്കും.
2025 ജൂണിലാണ് ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്. വേനൽക്കാലത്ത് ഇത് വലിയ ജനപ്രീതി നേടി. ഈ പദ്ധതി കാനഡയിലുടനീളമുള്ള പാർക്കുകളിലേക്കും മ്യൂസിയങ്ങളിലേക്കും സന്ദർശകരുടെ എണ്ണം വർദ്ധിപ്പിച്ചതായി അധികൃതർ പറയുന്നു. കാനഡയുടെ സൗന്ദര്യം അടുത്ത തലമുറയ്ക്ക് കണ്ടെത്താൻ ഈ പാസ് സഹായിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. 2026 വേനൽക്കാലത്തും ഈ പദ്ധതി വീണ്ടും ആരംഭിക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.