നഴ്സിംഗ് ഹോമിൽ കിടക്കകളില്ല, ന്യൂ ബ്രൺസ്‌വിക്കിൽ മുൻ രാഷ്ട്രീയ നേതാവിന് ആശുപത്രിയിൽ തുടരേണ്ടി വന്നത് ഏഴ് മാസം. ദീർഘകാലം എംഎൽഎ ആയിരുന്ന ഷെൽഡൻ ലീയ്ക്കാണ് ഇത്രയും കാലം ആശുപത്രിയിൽ കഴിയേണ്ടി വന്നത്. കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടായത്. മൂന്ന് ആഴ്ചകൾക്ക് ശേഷം അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റി.
ദീർഘകാല പരിചരണം ആവശ്യമുള്ളതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിഞ്ഞിരുന്നില്ല. ആശുപത്രികൾ സാധാരണയായി രോഗികൾക്ക് ഹ്രസ്വകാല ചികിത്സ നൽകാനുള്ളതാണ്. തുടർന്നും വൈദ്യപരിചരണം ആവശ്യമുള്ളതിനാലാണ് അദ്ദേഹത്തെ നഴ്സിങ് ഹോമിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. എന്നാൽ നഴ്സിങ് ഹോമുകളിലൊന്നും കിടക്കകൾ ലഭ്യമായിരുന്നില്ല. തുടർന്ന് ഏഴ് മാസത്തോളമാണ് അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടി വന്നത്.
മുതിർന്ന പൗരന്മാർക്ക് കൃത്യ സമയത്തുള്ള സഹായം നൽകുന്നതിൽ നിലവിലെ സംവിധാനം പരാജയപ്പെട്ടുവെന്നാണ് ഷെൽഡൻ ലീയുടെ കുടുംബം വിശ്വസിക്കുന്നത്. നഴ്സിംഗ് ഹോമുകളിലെ കിടക്കകളുടെ കുറവ് കാരണം നിരവധി പ്രായമായ രോഗികൾ ആശുപത്രികളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് മറ്റ് രോഗികൾക്ക് ആവശ്യമായ കിടക്കകൾ ലഭിക്കാതെ വരികയും അതുവഴി ആശുപത്രികൾക്ക് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ന്യൂ ബ്രൺസ്‌വിക്കിൽ ദീർഘകാല പരിചരണത്തിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയിലേക്കാണ് ഈ സാഹചര്യം വിരൽ ചൂണ്ടുന്നത്. അതിനാൽ നഴ്സിംഗ് ഹോമുകളിലും മുതിർന്ന പൗരന്മാരെ പരിചരിക്കുന്ന കേന്ദ്രങ്ങളിലും പ്രവിശ്യ കൂടുതൽ നിക്ഷേപം നടത്തണമെന്ന് വിദഗ്ദ്ധർ പറയുന്നു.