റെഡ് ലൈറ്റിൽ വലത്തോട്ട് തിരിയുന്നത് നിരോധിക്കാനുള്ള നീക്കം: വാൻകൂവറിൽ കൂടുതൽ റോഡപകടങ്ങൾ ഒഴിവാക്കാൻ പ്രമേയം

By: 600110 On: Dec 12, 2025, 2:04 PM

വാൻകൂവറിൽ Right on Red രീതി കൂടുതൽ ജംഗ്ഷനുകളിൽ നിരോധിക്കാനുള്ള പ്രമേയം സിറ്റി കൗൺസിൽ പരിഗണനക്കെടുത്തു. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൗൺസിലർ ലൂസി മലോണി ആണ് ഈ പ്രമേയം അവതരിപ്പിച്ചത്. നഗരത്തിലെ തിരക്കേറിയതും അപകടസാധ്യത കൂടിയതുമായ ഇടങ്ങളിലും, പ്രത്യേകിച്ച് കാൽനടക്കാർക്ക് മുൻഗണന നൽകുന്ന സിഗ്നലുകൾ ഉള്ളിടത്തും (leading pedestrian interval) ഈ നിരോധനം നടപ്പിലാക്കാനാണ് പ്രമേയം ആവശ്യപ്പെടുന്നത്. വാൻകൂവറിൽ നിലവിൽ ചിലയിടങ്ങളിൽ 'റൈറ്റ് ഓൺ റെഡ്' നിരോധിച്ചിട്ടുണ്ടെങ്കിലും, കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനം വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മലോണി ചൂണ്ടിക്കാട്ടി.

കാനഡയിലെ നിയമങ്ങൾ അനുസരിച്ച് റെഡ് ലൈറ്റിൽ വലത്തോട്ട് തിരിയുന്നതിന് മുമ്പ് വാഹനം പൂർണ്ണമായി നിർത്തി, മറ്റ് വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ തടസ്സമുണ്ടാക്കാതെ മാത്രമേ പോകാൻ പാടുള്ളൂ. എന്നാൽ നഗരത്തിലെ തിരക്കേറിയ കവലകളിലെ സങ്കീർണ്ണമായ ട്രാഫിക് പാറ്റേണുകൾ കാരണം ഡ്രൈവർമാർക്ക് എല്ലാ വിവരങ്ങളും പെട്ടെന്ന് മനസ്സിലാക്കി ശരിയായ തീരുമാനം എടുക്കാൻ കഴിയുന്നില്ലെന്നാണ് മലോണി അഭിപ്രായപ്പെടുന്നത്. 'റൈറ്റ് ഓൺ റെഡ്' നിരോധിക്കുന്നത് കാൽനട യാത്രക്കാരുമായി ബന്ധപ്പെട്ട അപകടങ്ങൾ 60 ശതമാനവും, സൈക്കിൾ യാത്രക്കാരുമായി ബന്ധപ്പെട്ട അപകടങ്ങൾ 100 ശതമാനവും കുറയ്ക്കാൻ സഹായിക്കുമെന്ന് ബ്രിട്ടീഷ് കൊളംബിയൻ ഗതാഗത മന്ത്രാലയം നടത്തിയ പഠനങ്ങളിൽ പറയുന്നു. ഈ പ്രമേയം നഗരത്തിലെ എല്ലാ കവലകളെയും ബാധിക്കില്ലെന്നും, 10 മുതൽ 20 ശതമാനം വരെ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മാത്രമേ നിയന്ത്രണം കൊണ്ടുവരികയുള്ളൂ എന്നും പ്രമേയം അവതരിപ്പിച്ച കൗൺസിലർ വ്യക്തമാക്കി.