ആൽബെർട്ടയിൽ പ്രൈവറ്റ് സ്കൂൾ ഫണ്ടിംഗ് നിർത്തലാക്കണം: റഫറണ്ടത്തിനുള്ള നീക്കവുമായി ജനകീയ കൂട്ടായ്മ

By: 600110 On: Dec 12, 2025, 1:59 PM

ആൽബെർട്ടയിൽ പൊതു ഫണ്ടുകൾ സ്വകാര്യ സ്കൂളുകൾക്ക് നൽകുന്നത് അവസാനിപ്പിക്കണമോ എന്ന വിഷയത്തിൽ വോട്ടെടുപ്പ് നടത്താൻ ഒരുങ്ങി ജനകീയ കൂട്ടായ്മ. ആൽബെർട്ട ഫണ്ട്സ് പബ്ലിക് സ്കൂൾസ് എന്ന ഗ്രൂപ്പ് മുന്നോട്ട് വച്ച ഈ ആവശ്യം റഫറണ്ടത്തിനായി പരിഗണിക്കാൻ, അടുത്ത വർഷം ഫെബ്രുവരി 11-നകം 1,77,732 ഒപ്പുകൾ ശേഖരിക്കേണ്ടതുണ്ട്.

അടുത്തിടെ നടന്ന ഒരു സർവേ പ്രകാരം, ഭൂരിപക്ഷം ആൽബെർട്ടക്കാരും (ഏകദേശം 60 ശതമാനം) സ്വകാര്യ സ്കൂളുകൾക്ക് നികുതിപ്പണം നൽകുന്ന രീതി അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടത്ര ഫണ്ടിംഗ് ലഭിക്കുന്നില്ലെന്നും, അതുകൊണ്ട് നികുതിദായകരുടെ പണം സ്വകാര്യ വിദ്യാഭ്യാസത്തിന് നൽകരുത് എന്നുമാണ് ഹർജിയുമായി മുന്നോട്ട് വന്നവരുടെ പ്രധാന വാദം. ഈ വിഷയത്തിലെ സർവേ ഫലങ്ങൾ ആൽബെർട്ട വിദ്യാഭ്യാസമന്ത്രിക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഈ റഫറണ്ടം വിജയിച്ചാൽ  സ്വകാര്യ സ്കൂളുകൾക്കുള്ള പൊതു ഫണ്ടിംഗ് നിർത്തലാക്കേണ്ട അവസ്ഥ സർക്കാരിന് വന്നേക്കാം.

ഇത് പ്രവിശ്യയിലെ നിരവധി സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടാൻ കാരണമായേക്കും. എങ്കിലും, പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർത്ഥികൾക്ക് പൊതു സംവിധാനത്തിൽ ലഭ്യമല്ലാത്ത പിന്തുണ സ്വകാര്യ സ്കൂളുകൾ നൽകുന്നുണ്ടെന്ന് ഈ ഫണ്ടിംഗിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. പൊതുവിദ്യാലയങ്ങൾ ഫണ്ടില്ലാതെ വിഷമിക്കുമ്പോൾ, പ്രവേശനത്തിന് സ്വന്തമായി നിയമങ്ങളുള്ള സ്വകാര്യ സ്ഥാപനങ്ങൾ പൊതുവിഭവങ്ങൾ അനാവശ്യമായി ഉപയോഗിക്കുന്നു എന്നാണ് ഈ ഫണ്ടിംഗിനെ എതിർക്കുന്നവരുടെ പ്രധാന വിമർശനം.