പ്രവർത്തനം തുടങ്ങും മുൻപെ ലോകത്തെ മികച്ച പുതിയ യാത്രാനുഭവങ്ങളുടെ പട്ടികയിൽ ഇടം നേടി കാനഡയിലെ 'പാസേജ് ടു ദ പീക്സ്' ട്രെയിൻ റൂട്ട്.

By: 600110 On: Dec 12, 2025, 10:46 AM

 

പ്രവർത്തനം തുടങ്ങും മുൻപെ ലോകത്തെ മികച്ച പുതിയ യാത്രാനുഭവങ്ങളുടെ പട്ടികയിൽ ഇടം നേടി കാനഡയിലെ 'പാസേജ് ടു ദ പീക്സ്' ട്രെയിൻ റൂട്ട്. ആൽബെർട്ടയിലൂടെയും ബ്രിട്ടീഷ് കൊളംബിയയിലൂടെയും കടന്നു പോകുന്ന ഈ ട്രെയിൻ റൂട്ട് അടുത്ത വർഷമാണ് യാഥാർത്ഥ്യവുക."പാസേജ് ടു ദ പീക്സ്"എന്നാണ് ഈ സർവ്വീസിൻ്റെ പേര്.

ലോകത്തിലെ മികച്ച പുതിയ യാത്രാ റൂട്ടുകളിൽ ഒന്നായി ഇതിനകം തന്നെ ഇത് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. 2026-ലെ ലോകമെമ്പാടുമുള്ള 26 മികച്ച അനുഭവങ്ങളുടെ പട്ടികയിൽ ടൈംഔട്ട് (TimeOut) ഇതിന് ആറാം സ്ഥാനം നൽകി.ഒരു നിശ്ചിത സമയത്തേക്ക് മാത്രമുള്ള ഈ ട്രെയിൻ  ജൂൺ, ജൂലൈ മാസങ്ങളിലായിരിക്കും ഓടുക. യാത്രക്കാർക്ക് ബാൻഫിൽ നിന്നോ ജാസ്പറിൽ നിന്നോ യാത്ര ആരംഭിക്കാം.

ഒരു രാത്രി മുതൽ ഒമ്പത് രാത്രി വരെ നീണ്ടുനിൽക്കുന്ന ഏഴ് വ്യത്യസ്ത പാക്കേജുകൾ ലഭ്യമാണ്. രണ്ട് ദിവസത്തെ ബാൻഫ്-ടു-ജാസ്പർ യാത്രയ്ക്ക് ഏകദേശം 2,834 ഡോളറാണ് ചെലവ്. ഒമ്പത് രാത്രികളുള്ള പാക്കേജിന് ഏകദേശം 6,232 ഡോളറാണ് ചെലവ്. എഡ്മൻ്റൺ, ജാസ്പർ, കാംലൂപ്സ്, ലേക്ക് ലൂയിസ്, ബാൻഫ്, കാൽഗരി എന്നിവിടങ്ങളിലും ഇതിന് സ്റ്റോപ്പുണ്ട്. യാത്രയ്ക്കിടെ, മൗണ്ട് റൺഡിൽ, കാസിൽ മൗണ്ടൻ, റോജേഴ്സ് പാസ്, മൗണ്ട് റോബ്സൺ തുടങ്ങിയ പ്രശസ്തമായ കാഴ്ചകൾ യാത്രക്കാർക്ക് കാണാൻ സാധിക്കും.

വനങ്ങളും തടാകങ്ങളും പർവതങ്ങളും അടുത്തറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് വേണ്ടിയാണ് ഈ റൂട്ട് രൂപകൽപ്പന ചെയ്തതെന്ന് റോക്കി മൗണ്ടനീയർ പറയുന്നു. കാനഡയുടെ പ്രകൃതി സൗന്ദര്യം ഉയർത്തിക്കാട്ടുന്ന ഈ പുതിയ ട്രെയിൻ യാത്ര ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.